എമിറേറ്റ്സ് എയർലൈനും ഫ്ളൈ ദുബൈയും സഹകരിക്കുന്നു
ദുബൈ : പ്രമുഖ എയർലൈനായ എമിറേറ്റ്സും ചെലവു കുറഞ്ഞ സർവീസായ ഫ്ളൈ ദുബൈയും കൈകോർത്ത് ശൃംഖലകൾ വർദ്ധിപ്പിക്കാനൊരുങ്ങുന്നു. ഇരുന്നൂറിലേറെ സ്ഥലങ്ങളിലേക്ക് കോഡ് ഷെയറിംഗ് ഉൾപ്പെടെയുള്ള നടപടികളിലൂടെ സുഗമമായ യാത്രാസൗകര്യമാണ് ഇരു വിമാനകന്പനികളും ലക്ഷ്യമിടുന്നത്.
പരസ്പരം സഹകരിക്കുന്നതിലൂടെ, ആറ് ഭൂഖണ്ധങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എമിറേറ്റ്സിന്റെ രാജ്യാന്തര സേവന ശൃംഖല ഫ്ളൈ ദുബൈയുടെ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനാവും. ആഭ്യന്തര വിമാന സർവീസിൽ മുഖ്യസ്ഥാനമുള്ള ഫ്ളൈ ദുബൈയുടെ സേവന ശൃംഖല എമിറേറ്റ്സിന്റെ കരുത്ത് വർദ്ധിപ്പിക്കും. ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ ഹബ് വികസിപ്പിക്കുകയും രണ്ടു എയർലൈനുകളുടെയും പ്രവർത്തന സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ ഏകോപിപ്പിക്കുകയും ചെയ്യും. ദുബൈ വ്യോമയാന രംഗത്തെ ആവേശകരവും നിർണായകവുമായ വികാസമാണിതെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവും ഫ്ളൈ ദുബായ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.
പരസ്പര സഹകരണത്തോടെ, ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചമായ സേവനം നൽകാൻ പുതിയ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശൃംഖലകളും സമയക്രമങ്ങളും പരമാവധി പ്രയോജനമുണ്ടാകുന്ന രീതിയിൽ പരിഷ്കരിക്കാനുള്ള ശ്രമമാണ് രണ്ട് എയർലൈനുകളും നടത്തുന്നത്. പരസ്പര സഹകരണത്തിലൂടെ 2022ഓടെ, 380 വിമാനങ്ങൾ വഴി 240 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താൻ എമിറേറ്റ്സിനും ഫ്ളൈ ദുബൈയിക്കും കഴിയുമെന്നാണു പ്രതീക്ഷ. വരുംമാസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
മികച്ച ഏകോപനത്തിലൂടെ മികവ് മെച്ചപ്പെടുത്തുക മാത്രമല്ല, ചെലവു കുറയ്ക്കാനും പരസ്പര സഹകരണം വഴി ദുബൈയുടെ സ്വന്തം സർവീസുകൾക്ക് സഹായകരമാകുമെന്ന് വിദഗ്ധർ കണക്കുകൂട്ടുന്നു.
കടുത്ത മത്സരങ്ങൾ നിലനിൽക്കുന്ന എയർലൈൻ രംഗത്ത് എതിരാളികളെ പിന്നിലാക്കാനും ഇതുവഴി കഴിയും.

