ഹജ്ജ് തീർത്ഥാടനം : പകർച്ചവ്യാധികൾ തടയാൻ മുൻകരുതലുമായി സൗദി
റിയാദ് : ഹജ്ജ് തീർത്ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ സൗദിയിൽ പുരോഗമിക്കുന്നു. തീർത്ഥാടന വേളയിൽ പകർച്ചവ്യാധി പ്രതിരോധിക്കാൻ സൗദി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഡെങ്കിപ്പനി, മഞ്ഞപ്പനി, സീക്ക വൈറസ്, മേനിഞ്ചറ്റിസ്, കോളറ തുടങ്ങിയ എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിരോധ മാർഗങ്ങൾ കുറ്റമറ്റ രീതിയിൽ സ്വീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ യു.എൻ ബ്രീഫിങ്ങിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തീർത്ഥാടകർ ഹജ്ജിനെത്തുന്നതിന് മുന്പ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. ഹജ്ജിനെത്തുന്ന വിദേശ തീർത്ഥാടകരും ആഭ്യന്തര തീർത്ഥാടകരും മേനിഞ്ചറ്റിസ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തൽ നിർബന്ധമാണെന്ന് സൗദി വ്യക്തമാക്കി. ഹജ്ജ് വിസ അടിക്കുന്നതിന് മുന്പ് എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും തീർത്ഥാടകർ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വിദേശരാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദ്ദേശം നൽകി.
തീർത്ഥാടകർ സൗദിയിൽ എത്തുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുന്പെങ്കിലും കുത്തിവെയ്പ്പ് നടത്തണം. അതേസമയം ഇറാനിൽ നിന്ന് ഇത്തവണ എൺപത്തിനാലായിരം തീർത്ഥാടകർ ഹജ്ജിനെത്തുമെന്ന് സർവ്‍വീസ് ഏജൻസി വെളിപ്പെടുത്തി. നയതന്ത്ര തർക്കം മൂലം കഴിഞ്ഞ വർഷം ഇറാനിൽ നിന്നും തീർത്ഥാടകർ എത്തിയിരുന്നില്ല. ഇറാനുമായി സൗദിക്ക് നയതന്ത്ര ബന്ധം ഇല്ലാത്തതിനാൽ ഓൺലൈൻ വഴിയാണ് ഹജ്ജ് വിസ അനുവദിക്കുക.

