ഒമാനിലെ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ഇന്ത്യാക്കാർക്ക്
മസ്ക്കറ്റ് : രാജ്യത്തെ വിദേശ സഞ്ചാരികളിൽ ഇന്ത്യാക്കാർക്ക് രണ്ടാം സ്ഥാനം. ഇക്കൊല്ലം ആദ്യ അഞ്ച് മാസത്തെ കണക്കുകൾ പ്രകാരമാണിത്. പതിമൂന്ന് ലക്ഷം സഞ്ചാരികളാണ് ഇക്കൊല്ലം മെയ് വരെ രാജ്യത്തെത്തിയത്. ജി.സി.സി രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയതെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്ത് വിട്ട വിനോദസഞ്ചാര സൂചിക റിപ്പോർട്ട് പറയുന്നു. ജർമ്മനിയിൽ നിന്നുള്ള സഞ്ചാരികൾ മൂന്നാം സ്ഥാനത്തും ബ്രട്ടണിൽ നിന്നുള്ളവർ നാലാമതുമുണ്ട്. ഫിലിപ്പൈൻസുകാരാണ് അഞ്ചാം സ്ഥാനത്ത്.
മെയ് മാസത്തിൽ മാത്രം രാജ്യത്ത് 191000 സഞ്ചാരികൾ രാജ്യത്തെത്തി. ഇതിൽ 90000 പേരും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 13.5ശതമാനം പേർ ഇന്ത്യാക്കാരാണ്. ബ്രിട്ടൺ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തൊട്ടുപിന്നിൽ. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണിതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സഞ്ചാരികളുടെ എണ്ണത്തിൽ 16.4ശതമാനത്തിന്റെ കുറവാണുണ്ടായത്.
477000 ലക്ഷം പേരാണ് മെയിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് പോയത്. കഴിഞ്ഞ വർഷത്തെക്കാൾ 1.7ശതമാനം കൂടുതലാണിത്. ഇതിൽ64.5 ശതമാനവും സ്വദേശികളുമാണ്. ക്രൂസ് കപ്പൽ യാത്രികരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. എഴുപത് ശതമാനത്തോളം കുറവാണ് ഈ മേഖലയിലുണ്ടായിട്ടുളളത്.
കഴിഞ്ഞ വർഷം ഏഴായിരം പേരെത്തിയിടത്ത് ഇത്തവണ രണ്ടായിരം പേരാണ് എത്തിയിട്ടുള്ളത്. ക്രൂസ് കപ്പൽ യാത്രികരിലേറെയും യൂറോപ്പുകാരാണ്. 99.6 ശതമാനവും യൂറോപ്യന്‍മാരാണ്. ഇതിൽ 92.8ശതമാനവും ജർമ്മനിക്കാരാണ്.

