ഹൂതി ഭീഷണി നേരിടാൻ സൗദിക്ക് പാക് സൈനിക സഹായം; മക്ക പ്രതിരോധ കരാർ പ്രാബല്യത്തിൽ
ശാരിക
റിയാദ്: മേഖലയിൽ സുരക്ഷാ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, മക്ക പ്രതിരോധ കരാറിന്റെ ഭാഗമായി സൗദി അറേബ്യയിലേക്ക് സൈന്യത്തെ വിന്യസിച്ച് പാകിസ്താൻ. സൗദിയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പാകിസ്താനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്, സൗദി അംബാസഡർ റാജി അൽബുഗാമി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സൗദിയുടെ സുരക്ഷയും പരമാധികാരവും ഇരുഹറമുകളുടെ സംരക്ഷണവും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ വ്യക്തമാക്കി. യമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സൗദി, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച മക്ക പ്രതിരോധ കരാർ പ്രകാരം, ഇതിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.
എത്ര സൈനികരെയാണ് അയച്ചതെന്നോ അവരുടെ കൃത്യമായ ദൗത്യമെന്തെന്നോ പാകിസ്താൻ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, സൗദിക്ക് പ്രതിരോധ കവചമൊരുക്കുമ്പോഴും യമനിൽ കടന്നുകയറി ഹൂതികൾക്കെതിരെ ആക്രമണം നടത്തില്ലെന്ന് പാകിസ്താൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനായി യുഎസിനെയും ഇറാനെയും ചർച്ചാമേശയിലേക്ക് കൊണ്ടുവരാനുള്ള നയതന്ത്ര ശ്രമങ്ങളിലും പാകിസ്താൻ പങ്കാളിയാകുന്നുണ്ട്.
ാീൂീ


