സൗദിയിൽ ഒരാഴ്ചയ്ക്കിടെ 11,915 പ്രവാസികളെ നാടുകടത്തി; 10,700-ലധികം പേർ അറസ്റ്റിൽ
ഷീബ വിജയൻ
റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യ ഒരാഴ്ചയ്ക്കിടെ 11,915 പേരെ നാടുകടത്തി. രാജ്യവ്യാപകമായി നടത്തിയ കർശന പരിശോധനകളിൽ 10,700-ലധികം പേർ അറസ്റ്റിലായതായും ശനിയാഴ്ച ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 12 മുതൽ 18 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയും വിവിധ സർക്കാർ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിലാണ് 10,783 പേരെ പിടികൂടിയത്.
താമസ നിയമലംഘനത്തിന് 5,718 പേരെയും, അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 2,797 പേരെയും, തൊഴിൽ നിയമലംഘനത്തിന് 2,268 പേരെയുമാണ് അറസ്റ്റ് ചെയ്തത്. നിയമനടപടികൾ നേരിടുന്ന 40,941 പ്രവാസികളിൽ 38,730 പുരുഷന്മാരും 2,211 സ്ത്രീകളും ഉൾപ്പെടുന്നു. യാത്രാരേഖകൾ ശരിയാക്കുന്നതിനായി 23,250 പേരെ അതത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയച്ചു. നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ 10,814 പേരെ മാറ്റി. ഈ കാലയളവിൽ ആകെ 11,915 പേരെയാണ് നാടുകടത്തിയത്. പരിശോധനയിൽ പുതിയതായി അറസ്റ്റിലായ 10,783 പേരിൽ നിന്നുള്ള കണക്കല്ല നാടുകടത്തപ്പെട്ടവരുടെ എണ്ണമെന്നും, ഇവ വ്യത്യസ്ത കണക്കുകളാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി വഴി അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച 1,373 പേരെ അതിർത്തി സേന പിടികൂടി. അനധികൃതമായി രാജ്യത്ത് നിന്ന് പുറത്തുപോകാൻ ശ്രമിച്ച 28 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകർക്ക് ഗതാഗത സൗകര്യം ഒരുക്കിയതിനും, അഭയം നൽകിയതിനും, ജോലി നൽകിയതിനും 14 പേർ പിടിയിലായി.നിയമലംഘകർക്ക് സഹായം നൽകുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് ആവർത്തിച്ചു. അനധികൃത പ്രവേശനത്തിന് സഹായിക്കുകയോ, കുറ്റവാളികളെ കൊണ്ടുപോകുകയോ, അഭയമോ മറ്റ് സഹായങ്ങളോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കാം. കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നൽകുന്ന കെട്ടിടങ്ങളും കണ്ടുകെട്ടാനും, കുറ്റവാളികളുടെ പേരുവിവരങ്ങൾ പരസ്യമായി പ്രസിദ്ധീകരിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും വിവരം അറിയിക്കണമെന്ന് മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിച്ചു.
dfsdsdsdfs


