സൗദിയിലെ ജിസാൻ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ആക്രമണം; നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്


പ്രദീപ് പുറവങ്കര

റിയാദ്: കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ജിസാനിലുള്ള പെട്രോളിയം റിഫൈനറിക്ക് (എണ്ണ ശുദ്ധീകരണശാല) നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഒരു നേപ്പാൾ സ്വദേശി കൊല്ലപ്പെടുകയും വിവിധ രാജ്യക്കാരായ നിരവധി തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും സൗദി പ്രസ് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തകരും സാങ്കേതിക സംഘവും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുകയും സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്തുവരികയാണ്. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ട്. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തെ മുസ്‌ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ മതമൂല്യങ്ങളുടെയും അന്താരാഷ്ട്ര-മാനുഷിക നിയമങ്ങളുടെയും ലംഘനമാണെന്നും സാധാരണക്കാരെയും പൊതുസ്ഥാപനങ്ങളെയും ബോധപൂർവ്വം ലക്ഷ്യമിട്ടുള്ളതാണെന്നും ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ. മുഹമ്മദ് അൽ-ഈസ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, ആക്രമണത്തിനായി യെമനിലെ ഹൂതി വിമതർ ഉപയോഗിച്ച ഹൊദൈദയിലെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തറ തകർത്തതായി സൗദി സഖ്യസേന വ്യാഴാഴ്ച അറിയിച്ചു. കൂടാതെ, സൗദിയുടെ ദക്ഷിണ മേഖല ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഒരു ഡ്രോൺ ആകാശത്തുവെച്ച് തടഞ്ഞ് തകർത്തതായും സഖ്യസേനാ വക്താവ് സ്റ്റാഫ് മേജർ ജനറൽ തുർക്കി അൽ-മാലികി എക്സിലൂടെ വ്യക്തമാക്കി.

article-image

adsadsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed