പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയ നിക്ഷേപ സാധ്യതകൾ; ചട്ടങ്ങൾക്ക് അംഗീകാരം നൽകി സൗദി മന്ത്രാലയം


ശാരിക

റിയാദ്: പൊതുവിദ്യാഭ്യാസ മേഖലയിലെ ആസ്തികളും സൗകര്യങ്ങളും സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്ക് നിക്ഷേപത്തിനായി തുറന്നുകൊടുക്കുന്ന പുതിയ നിയന്ത്രണങ്ങൾക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. ഉടമസ്ഥാവകാശം കൈമാറാതെ തന്നെ ലീസിന് നൽകുക, ഉപയോഗാവകാശം അനുവദിക്കുക, നവീകരണം, സൗകര്യങ്ങളുടെ വിനിയോഗം, പഠനസമയത്തിന് ശേഷമുള്ള വാണിജ്യ-സാമൂഹിക ആവശ്യങ്ങൾക്കുള്ള ഉപയോഗം എന്നിവയ്ക്കാണ് പുതിയ ചട്ടങ്ങൾ അനുമതി നൽകുന്നത്.

പൊതുവിദ്യാഭ്യാസത്തിന് ഗുണകരമാകുന്ന രീതിയിലായിരിക്കണം നിക്ഷേപങ്ങളും വികസനപ്രവർത്തനങ്ങളും നടത്തേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആസ്തികളുടെ സാമ്പത്തിക മൂല്യത്തിനൊപ്പം സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രത്യാഘാതങ്ങളും പരിഗണിക്കും. എന്നാൽ, ഒരു വിദ്യാഭ്യാസ ആസ്തിയുടെയും ഉടമസ്ഥാവകാശം കൈമാറാൻ ഈ ചട്ടങ്ങൾ അനുവദിക്കുന്നില്ല; ഇത് സർക്കാർ വസ്തുവകകൾ സംബന്ധിച്ച നിയമങ്ങൾക്ക് വിധേയമായിരിക്കും.

നിശ്ചിതമോ മാറ്റാവുന്നതോ ആയ പ്രതിഫലം, ഗുണഭോക്താക്കളുടെ എണ്ണത്തിനോ സേവന നിലവാരത്തിനോ അനുസരിച്ചുള്ള നിരക്കുകൾ, വരുമാന പങ്കാളിത്തം, അല്ലെങ്കിൽ വികസന-നടത്തിപ്പ് ചെലവുകൾ പങ്കാളി പൂർണ്ണമായോ ഭാഗികമായോ വഹിക്കുന്ന രീതി എന്നിവ സ്വീകരിക്കാം. ലൈസൻസോ പെർമിറ്റോ കാലാവധി കഴിയുകയോ റദ്ദാക്കുകയോ ചെയ്തതിന് ശേഷമുള്ള സേവനങ്ങളുടെ ചെലവ് മന്ത്രാലയം വഹിക്കില്ല. വരുമാന വിനിയോഗം വിദ്യാഭ്യാസ മന്ത്രാലയവും ധനകാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണപ്രകാരമായിരിക്കും. അംഗീകൃത മൂല്യനിർണയ വിദഗ്ധരുടെ പരിശോധനയിലൂടെ ആസ്തികളുടെ മൂല്യം കണക്കാക്കുകയും സ്വതന്ത്ര ഓഡിറ്റിംഗ് നടത്താൻ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കുകയും ചെയ്യും.

പങ്കാളിത്ത പദ്ധതികളുടെ ഏകോപനവും നിരീക്ഷണവും ബന്ധപ്പെട്ട വിഭാഗം നിർവഹിക്കും. പദ്ധതികൾക്കായി സ്റ്റിയറിങ്, എക്സിക്യൂട്ടീവ് അല്ലെങ്കിൽ സാങ്കേതിക സമിതികൾ രൂപീകരിക്കാനും പ്രത്യേക ഏജൻസികളുടെ സഹായം തേടാനും മന്ത്രാലയത്തിന് അധികാരമുണ്ട്. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ, പ്രകടന സൂചികകൾ, സേവന നിലവാരം, പരാതി പരിഹാര സംവിധാനം, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിവരസുരക്ഷ, പിഴകൾ, കരാർ റദ്ദാക്കൽ, തർക്കപരിഹാര വ്യവസ്ഥകൾ എന്നിവ കരാറുകളിൽ ഉൾപ്പെടുത്തും. പ്രകടന സൂചികകളുടെ അടിസ്ഥാനത്തിൽ കൃത്യമായ ഇടവേളകളിൽ നടത്തുന്ന അവലോകനങ്ങളായിരിക്കും കരാറുകൾ തുടരുന്നതിലും പുതുക്കുന്നതിലും വിപുലീകരിക്കുന്നതിലും നിർണ്ണായകമാകുക.

article-image

sdfsdf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed