സ്വദേശിവത്കരണം; 24.8 ലക്ഷം സൗദി പൗരന്മാർക്ക് തൊഴിൽ ലഭിച്ചതായി റിപ്പോർട്ട്


ശാരിക

റിയാദ്: സ്വദേശിവത്കരണ പരിപാടികളും രാജ്യത്തെ സ്വകാര്യ വാണിജ്യമേഖലക്ക് നൽകുന്ന പിന്തുണയും സൗദി പൗരന്മാർക്ക് ജോലി ലഭ്യമാക്കുന്നതിൽ വലിയ നേട്ടമുണ്ടാക്കിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതിലൂടെ തൊഴിൽ ലഭിച്ച സൗദി സ്ത്രീ പുരുഷന്മാരുടെ എണ്ണം 24.8 ലക്ഷമായി. എണ്ണത്തിൽ പുതിയ റെക്കോഡാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യ പാദത്തിൽ 1,43,000 സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിന് മാനവ വിഭവശേഷി വികസന ഫണ്ട് (ഹദഫ്) പിന്തുണച്ചു. ഉദ്യോഗാർഥികളുടെ പരിശീലനം, ശാക്തീകരണം, മെന്ററിങ് പ്രോഗ്രാമുകൾക്കായി ചെലവഴിച്ച ആകെ തുക 183 കോടി റിയാലായി.

സ്ഥിതിവിവരം ശേഖരിക്കാൻ തുടങ്ങിയ ശേഷം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് (6.3 ശതമാനം) താഴ്ന്നുവെന്നത് തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും ദേശീയ കേഡറുകളെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ പരിപാടികളുടെയും സംരംഭങ്ങളുടെയും വിജയമാണ് കാണിക്കുന്നതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.

വിവിധ മേഖലകളിലായി രാജ്യത്തിന്റെ വികസനപാതയുടെ തുടർച്ചയാണ് ഈ പുരോഗതി. ഷെഡ്യൂളിന് ആറു വർഷം മുമ്പേ ‘വിഷൻ 2030’ൽ നിശ്ചയിച്ചിരുന്ന ഏഴ് ശതമാനം ലക്ഷ്യം ഇത് നേരത്തെ മറികടന്നു. അടുത്തിടെ പ്രഖ്യാപിച്ച നിർദേശങ്ങളുടെയും അപ്‌ഡേറ്റുകളുടെയും വെളിച്ചത്തിൽ പുതിയ അഞ്ച് ശതമാനം ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങുകയാണ് ഇപ്പോൾ.

2024 നാലാം പാദത്തിലെ 11.9 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സൗദിയിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 10.5 ശതമാനം ആയി താഴ്ന്നെന്നും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.7 ശതമാനം പോയൻറുകളുടെ വാർഷിക കുറവാണിതെന്നും മന്ത്രാലയം സൂചിപ്പിച്ചു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, ഉത്തേജകവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം നൽകൽ, ദേശീയ വളർച്ചക്ക് ഫലപ്രദമായി സംഭാവന നൽകാനുള്ള അവരുടെ കഴിവ് വർധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന പരിപാടികളുടെയും സംരംഭങ്ങളുടെയും സ്വാധീനം ഇത് സ്ഥിരീകരിക്കുന്നു.

മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിച്ച ദേശീയ തൊഴിൽ വിപണി തന്ത്രത്തിന്റെ സ്വാധീനം ഈ ഫലങ്ങൾ ഉൾക്കൊള്ളുന്നു. നയങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കുക, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക, സ്വകാര്യ മേഖലയുമായും ബന്ധപ്പെട്ട പങ്കാളികളുമായും പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

article-image

ddx

You might also like

Most Viewed