ഖത്തർ എയർവേയ്‌സ് വിമാന ടിക്കറ്റുകൾക്ക് രണ്ടു വർഷത്തെ കാലാവധി ലഭിക്കും

ദോഹ: ഖത്തർ എയർവേയ്‌സ് വിമാന ടിക്കറ്റുകൾക്ക് രണ്ടു വർഷം വരെ കാലാവധി ലഭിക്കും. 2020 സെപ്റ്റംബർ 30ന് മുന്പ് യാത്രക്കായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പ്രഖ്യാപനം ബാധകമാകുന്നതെന്ന് കന്പനി അധികൃതർ. സെപ്റ്റംബർ 30ന് മുന്പായുള്ള യാത്രക്ക് ടിക്കറ്റ് എടുത്തവർക്കും ടിക്കറ്റ് എടുക്കാന്‍ പോകുന്നവർക്കും ഈ ആനുകൂൽയം ലഭിക്കും. ടിക്കറ്റ് എടുക്കുന്ന തീയതി മുതൽ രണ്ട് വർഷമാണ് കാലാവധി. നിലവിലെ കോവിഡ്−19 സാഹചര്യത്തിൽ പുതിയ പ്രഖ്യാപനം യാത്രക്കാർക്ക് ആശ്വാസകരമാണ്. ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് ടിക്കറ്റ് കാലാവധി നീട്ടാന്‍ ഖത്തർ എയർവേയ്‌സിന്റെ ഓഫിസുകളുമായോ അല്ലെങ്കിൽ കോണ്‍ടാക്ട് സെന്ററുകളുമായോ ബന്ധപ്പെടണം. യാത്രാ തീയതി, സ്ഥലം എന്നിവയിൽ എത്ര വേണമെങ്കിലും തികച്ചും സൗജന്യമായി തന്നെ മാറ്റം വരുത്താം. ക്യൂമൈൽസിനായി ടിക്കറ്റ് ഉപയോഗിക്കുകയും ചെയ്യാം.
ജൂണ്‍ അവസാനത്തോടെ ഇന്ത്യയിലേക്ക് ഉൾപ്പെടെ 80 നഗരങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നാണ് ഖത്തർ എയർവേയ്‌സ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 26 മുതൽ കേരളത്തിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.