പ്രവാസി തൊഴിലാളികൾക്കായി ഖത്തറിൽ രണ്ട് ആശുപത്രികൾ കൂടി
ദോഹ : പ്രവാസി തൊഴിലാളികൾക്കായി ഖത്തറിൽ രണ്ട് ആശുപത്രികൾ കൂടി തുറക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പുരുഷന്മാരായ തൊഴിലാളികൾക്കായാണ് രണ്ട് ആശുപത്രികളും തുറക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടർ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽതാനി പറഞ്ഞു. ദോഹ യിൽ നടന്ന അന്താരാഷ്ട്ര പ്രാഥമികാരോഗ്യ സമ്മേളനത്തോടനുബന്ധിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗോള ആരോഗ്യ കവറേജ് ഉൾപ്പെടെ പ്രവാസി തൊഴിലാളികൾക്ക് മികച്ച ജീവിത, തൊഴിൽ സാഹചര്യമാണ് രാജ്യം നൽകുന്നതെന്ന് അൽതാനി പറഞ്ഞു. 2018−ലും 2019 ആദ്യ പാദത്തിലുമായാണ് രണ്ട് ആശുപത്രികളും തുറക്കുക.
തൊഴിലാളികൾക്ക് കൂടുതൽമെച്ചപ്പെട്ട തൊഴിൽ, ജീവിത സാഹചര്യങ്ങൾ നൽകുന്നതിനെ തുടർന്നാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടന ഖത്തറിന് നേരേയുള്ള പരാതിയിലുള്ള നടപടികൾ അവസാനിപ്പിച്ചത്. അൽ ഖോറിലും മിസൈദിലുമാണ് പുതിയ ആശുപത്രികൾ തുറക്കുന്നത്. ഈ മേഖലകളിൽ പതിനായി രക്കണക്കിന് തൊഴിലാളികൾക്ക് പുതിയആശുപത്രികൾ ഏറെ പ്രയോജനകരമാകും.
പൊതു, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ മികച്ചതും ആരോഗ്യകരവുമായ സമൂഹത്തെ വാർത്തെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഡോ. ശൈഖ് മുഹമ്മദ് പറഞ്ഞു. ആരോഗ്യ മേഖലയിലെ സുസ്ഥിര വികസനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം നടത്തുന്നത്.
എല്ലാ പ്രായത്തിലുമുള്ള ജനങ്ങൾക്കും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുകയും ക്ഷേമം പ്രോത്സാഹിപ്പിക്കുകയുമാണ് സുസ്ഥിര വികസന ലക്ഷ്യത്തിലെ (എസ്.ഡി.ജി.) മൂന്നാമത്തെ പദ്ധതി.


