ഖത്തർ തൊഴിൽ വിസ : നടപടിക്രമങ്ങൾ ഇനി മുതൽ നാട്ടിൽ പൂർത്തിയാക്കാം
ദോഹ : ഖത്തറിലേക്ക് വരുന്ന വിദേശ തൊഴിലാളികൾക്കുള്ള തുടർ നടപടിക്രമങ്ങൾ നാട്ടിൽ തന്നെപൂർത്തിയാക്കാൻ അവസരം. ഇതനുസരിച്ചു തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനുള്ള വൈദ്യപരിശോധനയും വിരലടയാളം ഉൾപ്പെടെയുള്ള മുഴുവൻ നടപടികളും ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാനാവും.
നിലവിലെ നിയമമനുസരിച്ച് തൊഴിൽ വിസയിൽ ഖത്തറിലെത്തുന്ന വിദേശ തൊഴിലാളികൾ മൂന്ന് മാസത്തിനകംവൈദ്യപരിശോധനയും വിരലടയാളം ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയാലാണ് ഖത്തർ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നത്. ഇവയിലേതെങ്കിലുമൊന്നിൽ പരാജയപ്പെട്ടാൽ സ്വദേശത്തേക്ക് തന്നെ തിരിച്ചുപോകേണ്ടിവരും.
ഓരോ വർഷവും നിരവധി പേരാണ് ഇത്തരത്തിൽ സ്വദേശത്തേക്ക് തിരിച്ചുപോകുന്നത്. എന്നാൽ പുതിയ പദ്ധതി പ്രകാരം തൊഴിൽ വിസയും തൊഴിൽ കരാറും ലഭിക്കുന്ന ഒരാൾക്ക് ഖത്തറിലേക്ക് വിമാനം കയറുന്നതിന് മുന്‍പ് നാട്ടിൽ തന്നെ ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാവും. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പരിശോധനാ ഫലങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
തുടക്കത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്, തുനീഷ്യ എന്നീ രാജ്യങ്ങളിലാണ് ഇതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ ഇതിനായി ഏഴ് കേന്ദ്രങ്ങളാണ് ഉണ്ടാവുക.


