യു.എ.ഇയിൽ ആന്റിബയോട്ടിക്കുകൾ ലഭിക്കാൻ ഇനി ഡോക്ടറുടെ കുറുപ്പടി നിർബന്ധം
അബുദാബി : യു.എ.ഇയിൽ ആന്റിബയോട്ടിക്കുകൾ ലഭിക്കുന്നതിന് ഡോക്ടർ പരിശോധിച്ച് നൽകുന്ന കുറുപ്പടി നിർബന്ധമാക്കാൻ ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു.ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം വ്യാപകമാകുന്നതു തടയാനാണ് ഈ നീക്കം.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ രോഗികൾക്ക് ആന്റി ബയോട്ടിക്കുകൾ നൽകരുതെന്ന് ഫാർമസികളോട് നിർദ്ദേശിക്കുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിലാകുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമീരി പറഞ്ഞു.
രാജ്യത്തെ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതാകും പുതിയ നിയമം. മരുന്നുകൾ കുറിക്കുന്നതിലെ മാനദണ്ധം സംബന്ധിച്ച് ഡോക്ടർമാർക്കിടയിലും ബോധവൽക്കരണം നടത്തും. ഓരോതരം അണുബാധയ്ക്കും ആവശ്യമായ ആന്റിബയോട്ടിക്കുകൾ കൃത്യമായ അളവിൽ ഉപയോഗിച്ചാൽ മാത്രമേ രോഗിക്ക് ഫലം ലഭിക്കുകയുള്ളൂ.
ഇത്തരം കാര്യങ്ങളെക്കുറിച്ച് രോഗിക്കും ബോധ്യമുണ്ടാകണം. മുന്പ് ഒരു രോഗത്തിന് ഉപയോഗിച്ചിരുന്ന മരുന്ന് വീണ്ടും അതേ രോഗം വരുന്പോൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്നത് അപകടകരമാണെന്നും ഡോ. അമീൻ ഹുസൈൻ ചൂണ്ടിക്കാട്ടി. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം ശരീരത്തിൽ ദൂരവ്യാപകമായ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


