വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് പരിമിതപ്പെടുത്താൻ നീക്കം
ദുബൈ : ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ആർ.ടി.എ ഒരുങ്ങുന്നു. ഫെഡറൽ ഗതാഗത നിയമങ്ങൾ അനുസരിച്ചുള്ള പരിഷ്കരണമാണ് ദുബൈയിൽ നടപ്പാക്കുകയെന്ന് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ ചില തസ്തികകളിലുള്ളവരെ ഒഴിവാക്കും.
പഴയ വാഹനങ്ങൾക്കുള്ള നിയന്ത്രണം, വാഹനങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള നിരക്കിൽ മാറ്റം വരുത്തൽ, വാഹനത്തിന്റെ എൻജിൻ ശേഷിക്ക് അനുസൃതമായി ലൈസൻസ് എന്നിവയും പരിഗണനയിലാണ്. വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനവും വർഷത്തിൽ ഓടുന്ന കിലോമീറ്ററും മാനദണ്ധങ്ങളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്.
വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്നതിലും പുതിയ നിയമം കൊണ്ടുവരും. ഓരോ വാഹനത്തിന്റെയും ഇൻഷുറൻസ് പുതുക്കണമെങ്കിൽ എത്ര കിലോമീറ്റർ ഓടി എന്നതു കൂടി പരിശോധിക്കും. എത്ര അപകടങ്ങൾ ഉണ്ടാക്കിയെന്നും വിലയിരുത്തും. ഉപയോഗിക്കുന്ന അധിക ഇന്ധനത്തിനു നിരക്ക് ഈടാക്കി പൊതു ഗതാഗത പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലാണ്.
പരിസ്ഥിതി സൗഹൃദമല്ലാത്ത വാഹനങ്ങളുടെ ഇറക്കുമതിയും രജിസ്ട്രേഷനും നിയന്ത്രിക്കും. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും. ഇതൊന്നും സ്ഥായിയായ പരിഹാര മാർഗമല്ലെന്നും കൂടുതൽ കരുതലും നടപടികളും ആവശ്യമാണെന്നുംഅൽ തായർ പറഞ്ഞു. ഫെഡറൽ, പ്രാദേശിക കാര്യാലയങ്ങൾ സഹകരിച്ചു പൊതുഗതാഗത സംവിധാനം വിപുലമാക്കണമെന്നും നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ കാര്യാലയങ്ങൾ എന്നിവയുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള വഴികളും ആലോചിക്കുന്നുണ്ട്.
കൂടുതൽ നടപ്പാതകൾ നിർമ്മിക്കുകയും സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഗതാഗതമേഖലയിലെ പ്രധാന പ്രശ്നം വാഹനപ്പെരുപ്പമാണ്. ദുബൈയിൽ ഒരാളുടെ പേരിൽ രണ്ടു വാഹനങ്ങൾ എന്ന തോതിലാണുള്ളത്. അതേസമയം സിംഗപ്പൂരിൽ പത്തിൽ ഒരാൾക്ക് ഒരു വാഹനം എന്ന തോതിലാണ് രജിസ്ട്രേഷൻ. പാതകളുടെ നീളം കൂട്ടിയും പാലങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചുമാണ് ആർ.ടി.എ നിലവിലുള്ള ഗതാഗത പ്രശ്നങ്ങൾ മറികടക്കുന്നത്.


