സ്വദേശി ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കരാറുമായി ഖത്തർ വാണിജ്യ മന്ത്രാലയം
ദോഹ : ദേശീയോൽപന്നങ്ങൾക്കു കൂടുതൽ വിൽപ്പന ഉറപ്പാക്കാൻ സാന്പത്തിക, വാണിജ്യ മന്ത്രാലയം അൽ മീറയുമായും ബിദായ സെന്ററുമായും കരാർ ഒപ്പിട്ടു. ഖത്തരി കന്പനികളിൽനിന്നുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണിവിഹിതം ലഭ്യമാക്കാൻ കരാർ സഹായകമാകുമെന്ന് വാണിജ്യമന്ത്രാലയത്തിലെ ഉപഭോക്തൃവിഭാഗം അസി.അണ്ടർ സെക്രട്ടറി ഷെയ്ഖ് ജാസിംബിൻ ജാബർ അൽതാനി പറഞ്ഞു.
പുതിയ കന്പനികളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും ഗാർഹിക സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങൾ കൂടുതലായി വിറ്റഴിക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയോൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണിവിഹിതം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് വാണിജ്യമന്ത്രാലയം കഴിഞ്ഞ റമസാനിലാണ് തുടക്കമിട്ടത്.
ഭക്ഷ്യോൽപ്പന്ന മേഖലയിലാണ് കരാർ കൂടുതൽ ഗുണകരമാവുകയെന്ന് ബിദായ സെന്റർ ഡയറക്ടർ ജനറൽ റീം അൽ സുവൈദി അഭിപ്രായപ്പെട്ടു. ഭക്ഷ്യ, കാർഷിക മേഖലകളിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്ന സ്വദേശികൾക്കു ബിദായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ചെറുകിട, ഇടത്തരം ഉൽപാദകരെ സഹായിക്കാൻ അൽ മീറ പ്രതിജ്ഞാബദ്ധമാണെന്ന് കന്പനി ഡെപ്യൂട്ടി സി.ഇ.ഒ സലേഹ് അൽ ഹമ്മദി പറഞ്ഞു.
അറബ് സുഗന്ധദ്രവ്യങ്ങൾ, പ്രാദേശിക കിഴങ്ങുവിളകൾ, പാൽ− പാലുൽപന്നങ്ങൾ എന്നിവയാണ് ഉപഭോക്താക്കളുടെ ശ്രദ്ധ എളുപ്പം പതിയുംവിധം അൽമീറകളിൽ പ്രത്യേകം പ്രദർശിപ്പിക്കുക.


