ഖത്തറിൽ ശൈത്യകാല കാർഷിക ചന്തകൾ കൂടുതൽ ജനകീയമാവുന്നു
ദോഹ : രാജ്യത്തെ ശൈത്യകാല കാർഷിക ചന്തകൾ കൂടുതൽ ജനകീയമാവുന്നു. കീടനാശിനികളില്ലാത്ത മികച്ച ഗുണനിലവാരമുള്ള പച്ചക്കറികളും പഴങ്ങളും മധ്യവർത്തികളുടെ സഹായമില്ലാതെ മിതമായ വിലയ്ക്കാണ് കാർഷിക ചന്തകളിൽ ലഭിക്കുന്നത്.
എൺപത് പ്രാദേശിക ഫാമുകളാണ് ഇത്തവണത്തെ ചന്തകളിൽ പങ്കെടുക്കുന്നത്. ഇറക്കുമതി ചെയ്യുന്നവയെക്കാൾ പ്രാദേശിക ഫാമുകളിൽ നിന്നുള്ള പച്ചക്കറികൾക്കും പഴങ്ങൾക്കുമാണ് വിപണിയിൽ മുൻ തൂക്കം എന്നത് ഇറക്കുമതിചെയ്യുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വിപണിയുമായുള്ള കടുത്ത മത്സരത്തിലേക്കാണ് വഴിതെളിക്കുന്നത്.
രാജ്യത്തെ കാർഷിക ചന്തകളായ അൽഖോർ, അൽ മസ്രുഅ, അൽ വഖ്റ എന്നിവിടങ്ങളിൽ കക്കിരി, കാപ് സിക്കം, ചീര, മല്ലിയില, പുതിനയില എന്നിവയെല്ലാം വിൽക്കുന്നുണ്ട്. ഡിസംബറോടെ തക്കാളി, കോളിഫ്ളവർ, കാബേജ് എന്നിവയുംചന്തകളിലെത്തും. മുൻവർഷത്തെക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ വരുംദിവസങ്ങളിലായി ചന്തകളിലുണ്ടാകും.
ഹൈപ്പർ മാർക്കറ്റുകളിലെയും ചെറുകിട സ്ഥാപനങ്ങളിലെയും വിലയുടെ ഏകദേശം പകുതി വിലയ്ക്കാണ് കാർഷിക ചന്തയിൽ ഇവ ലഭിക്കുന്നത്. കാർഷിക ചന്തകളിൽ ഏറ്റവും വലുത് അൽ മസ്രുഅയാണ്. ഏറ്റവും കൂടുതൽ കുടുംബങ്ങളും ഭക്ഷണശാലകളും പച്ചക്കറികളും പഴങ്ങളും പതിവായി വാങ്ങുന്നത് ഇവിടെനിന്നാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ നാലുമുതൽ വൈകീട്ട് അഞ്ച് വരെയാണ് ചന്തകളുടെ പ്രവർത്തനം.
അതേസമയം, അൽ മസ്രുഅയിൽ എല്ലാ ദിവസവും കന്നുകാലിവിഭാഗവും കാലിത്തീറ്റ വിൽപ്പനവിഭാഗവും ഇതേ സമയങ്ങളിൽ പ്രവർത്തിക്കും. പച്ചക്കറികൾ കൂടാതെ വീട്ടിൽ വളർത്തുന്ന താറാവ്, മുയൽ, അലങ്കാല സസ്യങ്ങൾ എന്നിവയ്ക്കും ചന്തകളിൽ ആവശ്യക്കാരേറെയാണ്. ഒക്ടോബറിൽ ആരംഭിച്ച കാർഷിക ചന്തകൾ ഏഴു മാസത്തോളം പ്രവർ ത്തിക്കും.


