ആറ് വർഷത്തിനിടെ ഇന്ത്യ−യു.എ.ഇ വ്യാപാരം 76,040 കോടി ദിർഹത്തിലെത്തിയതായി റിപ്പോർട്ട്
അബുദാബി : കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ നടന്ന ഇന്ത്യ− യു.എ.ഇ വിദേശ വ്യാപാരത്തിന്റെ ആകെ മൂല്യം 76,040 കോടി ദിർഹത്തിന്റേതെന്ന് ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) ഡയറക്ടർ ജനറൽ മുഹമ്മദ് ജൂമാ ബുസ്സൈബ അറിയിച്ചു.
2012 ആദ്യപാദം മുതൽ ഈ വർഷം ആദ്യ പാദത്തിൽ അവസാനിച്ച ആറു വർഷ കാലയളവിലെ എണ്ണ ഇതര വ്യാപാരത്തിന്റെ മൂല്യം 62,500 കോടി ദിർഹം ആയി. രാജ്യത്തെ ഫ്രീസോൺ മേഖലയിലെ വ്യാപാര മൂല്യം 13,540 കോടി ദിർഹത്തിലുമെത്തി. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇന്ത്യയിൽനിന്നുള്ള മൊത്തം ഇറക്കുമതി മൂല്യമാകട്ടെ 44,900 കോടി ദിർഹത്തിന്റേതായിരുന്നു.
യു.എ.ഇയിൽ നിന്നുള്ള ചരക്കുകളുടെ കയറ്റുമതി മൂല്യം 18,130 കോടി ദിർഹവുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. യു.എ.ഇയും ഇന്ത്യയും കസ്റ്റംസ് മേഖലയിലെ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും യു.എ.ഇയിലെ ഇന്ത്യൻ ഇക്കണോമിക് കോൺസൽ പാൻകെക്ക് പുഡ്കിയുമായി ഫെഡറൽ കസ്റ്റംസ് അതോറിറ്റി ആസ്ഥാനത്തു നടത്തിയ കൂടിക്കാഴ്ചയിൽ ബുസ്സൈബ വ്യക്തമാക്കി. കസ്റ്റംസ് അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് അബ്ദുള്ള ബിൻ ലാഹെജ്, എഫ്‌സിഎയിലെ ഇന്റർനാഷനൽ റിലേഷൻസ് വകുപ്പ് ഡയറക്ടർ എന്നിവരും പങ്കെടുത്തു.


