ഗൾഫ് പ്രതിസന്ധിയിൽ വിജയികളില്ലെന്ന് അൽ മുറൈഖി
ദോഹ : നിലവിലെ ഗൾഫ് പ്രതിസന്ധിയിൽ വിജയികളില്ലെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി. ബൾഗേറിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗൾഫ് പ്രതിസന്ധി ജനങ്ങളെയും കുടുംബങ്ങളെയും സമുദായ ബന്ധങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളെയുമെല്ലാം ബാധിച്ചു. അതുകൊണ്ടുതന്നെ പ്രതിസന്ധിയിൽ വിജയികൾ ഇല്ല. ഗൾഫ് പ്രതിസന്ധി തുടരുന്നത് മേഖലയെ മാത്രമല്ല ലോകത്തെ മുഴുവൻ ബാധിച്ചു. എന്നാണ് പ്രതിസന്ധി അവസാനിക്കുക എന്നത് വ്യക്തമല്ല. അദ്ദേഹം പറഞ്ഞു.
അതേസമയം ഉപരോധത്തിന്റെ പേരിൽ രാജ്യം പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംയുക്ത പരിശ്രമത്തിലൂടെ രാജ്യം പ്രതിസന്ധിയെ അതിജീവിക്കുമെന്ന് പറഞ്ഞ അദ്ദേഹം കുവൈത്ത് അമീറിന്റെ മധ്യസ്ഥത ശ്രമങ്ങളെയും അഭിനന്ദിച്ചു.
ബൽക്കാൻ രാജ്യങ്ങളായ സെർബിയ, ക്രയോഷ്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിന്റെ സമ്മർദം ഇല്ലാതെ തന്നെ അനുകൂലനിലപാടാണ് ഗൾഫ് പ്രതിസന്ധിയിൽ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള ഒരു കരാറുകളും ഖത്തർ ലംഘിക്കില്ല. വാതക വിതരണ കരാറുള്ള എല്ലാ രാജ്യങ്ങളിലേക്കും നിശ്ചിത സമയത്തുതന്നെ വാതകം കയറ്റുമതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഉപരോധം കയറ്റുമതിയെ ബാധിക്കില്ല. ഖത്തർ ചെറിയ രാജ്യമാണെങ്കിലും ജനങ്ങൾ സംസ്കാരസന്പന്നരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആഫ്രിക്കൻ സന്ദർശനത്തിനിടെ രാജ്യങ്ങൾ സൗദിസഖ്യത്തിന്റെ സമ്മർദത്തിലാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം രാഷ്ട്രീയമാണെന്നും വ്യവസായം വ്യവസായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

