കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് ഖത്തർ വാർത്താവിനിമയ മന്ത്രാലയം
ദോഹ : കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളുടെമേൽ രക്ഷിതാക്കളുടെ ശ്രദ്ധയുണ്ടാകണമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം. വേനലവധിയായതിനാൽ ഭൂരിഭാഗം കുട്ടികളും കൂടുതൽ സമയവും ഓൺലൈനിലായിരിക്കുമെന്നതിനാലാണ് മുന്നറിയിപ്പ് നൽകുന്നത്.
രക്ഷിതാക്കളുടെ നിരീക്ഷണത്തിലൂടെ ഓൺലൈൻ അപകടങ്ങളിൽ നിന്നും മറ്റും കുട്ടികളെ സംരക്ഷിക്കാൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികൾക്ക് ഓൺലൈനിൽ സംരക്ഷണം നൽകുന്നത് സംബന്ധിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും സഹായകമാകുന്ന പുതിയ safespace.qa എന്ന വെബ്സൈറ്റും മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.
വേനലവധിയിൽ ധാരാളം സമയം ഓൺലൈനിൽ ഇരിക്കാൻ കഴിയുന്നതിനാൽ നല്ല ഡിജിറ്റൽ പൗരനാകാൻ കുട്ടികളെ പഠിപ്പിക്കണമെന്നും മന്ത്രാലയം സാമൂഹികമാധ്യമങ്ങളിലൂടെ നിർദ്ദേശിച്ചു. മന്ത്രാലയത്തിന്റെ സെക്യൂർ ഫോർ സേഫ്റ്റി പ്രചാരണത്തിന്റെ കീഴിലാണ് പുതിയ നിർദ്ദേശം. രാജ്യത്ത് ഒന്പതിനും 18നും ഇടയിൽ പ്രായമുള്ള 85 ശതമാനം കുട്ടികളും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഓൺലൈൻ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാന് അവർ പ്രാപ്തരാകുമെന്നും നിർദ്ദേശത്തിൽ പറയുന്നു. കുട്ടികൾ ഉപയോഗിക്കുന്ന ഓൺലൈൻ അന്തരീക്ഷത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഓൺലൈൻ കമ്മ്യൂണിറ്റികളിലെ അവരുടെ പങ്കാളിത്തത്തെ അഭിനന്ദിക്കണം. അവരുടെ സൗഹൃദങ്ങളിൽ താൽപ്പര്യം കാണിക്കണം. അനുചിതമല്ലാത്ത വഴിയിലൂടെ അവർ സഞ്ചരിച്ചാൽ സൃഷ്ടിപരമായി അതിനോട് പ്രതികരിക്കണം. ഉചിതമായ കാര്യങ്ങൾ പഠിപ്പിക്കാനുള്ള അവസരമായി അത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.
സൈബർ സുരക്ഷ സംബന്ധിച്ച മന്ത്രാലയത്തിന്റെ പുതിയ പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സൈബർ ആക്രമണങ്ങളിൽനിന്നും സംരക്ഷണം നേടാനായി ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രചാരണത്തിന് സാധ്യമാകുന്നുണ്ട്.

