കേരളാ ബ്ലാസ്റ്റേഴ്‌സിന് അപൂർവ റെക്കോഡ്
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരളാ ബ്ലാസ്റ്റേഴ്‌സിന് അപൂർവ റെക്കോഡ്. സോഷ്യൽ മീഡിയയിൽ കാണികൾ പിന്തുടരുന്ന ടീമുകളിൽ ലോകത്തിൽ 80−ാം സ്ഥാനത്തും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുമാണ് ബ്ലാസ്റ്റേഴ്‌സ്.
മുഴുവൻ ലോക രാജ്യങ്ങളിലെയും ഫുട്‌ബോൾ ക്ലബുകളുടെ സൈബർ ഫോളോവേഴ്‌സിനെ കുറിച്ച് ‘ഡിജിറ്റൽ സ്‌പോർട്‌സ് മീഡിയ’ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 25 ലക്ഷം ആരാധകരുമായാണ് ലോക ടീമുകൾക്കിടയിൽ ബ്ലാസ്റ്റേഴ്‌സ് 80−ാം സ്ഥാനത്തെത്തിയത്. സോഷ്യൽ വെബ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, പെരിസ്‌കോപ്പ്, ഗുഗിൾ പ്ലസ്, യൂട്യൂബ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
സ്‌പാനിഷ് വന്പന്‍മാരായ ബാഴ്‌സലോണയും റയൽ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്. അതേസമയം ഐ.എസ്.എല്ലിലെ എല്ലാ ക്ലബുകളും ആദ്യ 150 സ്ഥാനത്തിനുള്ളിൽ ഇടംപിടിച്ചിട്ടുണ്ട്.

