ഖത്തർ : ഇന്ത്യാക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡൽഹി : ഖത്തർ വിഷയത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഖത്തറിലുള്ള ഇന്ത്യാക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായങ്ങൾക്കായി അതതു രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്നു പ്രവാസികൾക്കു നിർദേശം നൽകിയിട്ടുമുണ്ട്.

രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം ചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നു മന്ത്രാലയം വ്യക്തമാക്കി. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുമായി കാലങ്ങളായുള്ള ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. ആറു രാജ്യങ്ങളിലായി 80 ലക്ഷത്തോളം ഇന്ത്യാക്കാരുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയുടെ സുസ്ഥിരത ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്.

പരസ്പര ബഹുമാനം നിലനിർത്തി രാജ്യാന്തര തത്വങ്ങളുടെയും പരമാധികാരത്തിന്റെയും അടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്ത വിധം പ്രശ്നപരിഹാര ചർച്ചകൾ നടക്കണം. ഗൾഫിൽ ശാന്തിയും സുരക്ഷയും നിലനിൽക്കണം. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

അതിർത്തി കടന്നുള്ള തീവ്രവാദവും മതപരമായ അസഹിഷ്ണുതയും മേഖലയുടെ സ്ഥിരതയ്ക്കു വലിയ ഭീഷണിയാണ്. ആഗോള സമാധാനത്തിനും ഇവ ഭീഷണിയാണ്. എല്ലാ രാജ്യങ്ങളും ഒരുമിച്ച് ഈ സാഹചര്യത്തെ നേരിടണമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed