ഒമാനിൽ കോവിഡിന്‍റെ അപൂർവ വകഭേദം
മസ്കറ്റ്: ഒമാനിൽ നടത്തിയ പഠനത്തിൽ കോവിഡിന്റെ അപൂർവ വകഭേദം കണ്ടെത്തി. കോവിഡ് വകഭേദങ്ങളുടെ ജനിതക ഘടന വിലയിരുത്താൻ നിസ്വ സർവകലാശാലയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഈ കണ്ടെത്തൽ.
ഒമാനിൽ രോഗികളിൽ നിന്നെടുത്ത 94 സാന്പിളുകളിലാണ് പരിശോധന നടത്തിയത്. പി323എൽ എന്നതാണ് കോവിഡ് വൈറസിന്റെ പൊതുവായുള്ള വകഭേദം. 94.7 ശതമാനം സാന്പിളുകളിൽ ഇതാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ടാമതുള്ള ഡി 614 ജി സ്പൈക്ക് പ്രോട്ടീൻ മ്യൂട്ടേഷൻ എന്ന വകഭേദം 92.6 ശതമാനം പേരിലും കണ്ടെത്തിയിട്ടുണ്ട്.
ഒമാനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡിന് 1280 വി എന്നാണ് പേർ നൽകിയിരിക്കുന്നത്. രാജ്യത്തെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇതെന്ന് നിസ്വ സർവകലാശാലക്ക് വേണ്ടി പഠനം നടത്തിയ നാച്വറൽ ആന്റ് മെഡിക്കൽ സയൻസസ് റിസർച്ച് സെന്റർ സ്ഥാപകൻ ഡോ.അഹമ്മദ് സുലൈമാൻ അൽ ഹറാസി പറഞ്ഞു. പ്രായം, രാജ്യം, രോഗത്തിെന്റെ തീവ്രത, രോഗബാധിതരായ തീയതി, യാത്ര ചെയ്ത സ്ഥലങ്ങൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പരിശോധനക്കായി സാന്പിളുകൾ ശേഖരിച്ചത്.

