ഇന്ത്യ-ഒമാൻ എയർ ബബിൾ: സെക്ടറുകൾ പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഇന്ത്യയും ഒമാനും എയർ ബബിൾ യാത്രാ ക്രമീകരണങ്ങളിൽ ധാരണയായതോടെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിമാനക്കന്പനികൾ സർവീസുകൾ നടത്തുന്ന സെക്ടറുകൾ പ്രഖ്യാപിച്ചു. എയർ ഇന്ത്യ മസ്‌കറ്റിൽ നിന്ന് കൊച്ചി,കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ബാംഗ്ലൂർ മംഗലാപുരം, വിജയവാഡ, ഹൈദരാബാദ്, ട്രിച്ചി, ലഖനൗ, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തും.
ഇരുരാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്ക് സ്ഥിരമായി സർവീസ് നടത്താൻ അനുമതിയുണ്ട്. ഓരോ വിമാനകന്പനികൾക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ വീതം അനുവദിച്ചിട്ടുള്ള ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ നടത്തുവാൻ സാധിക്കും. എന്നാൽ യാത്രക്കാരുടെ എണ്ണം പതിനായിരത്തിൽ കവിയുവാൻ പാടില്ലെന്നാണ് ഒമാൻ ഇന്ത്യ എയർ ബബിൾ കരാറിലെ ധാരണ. കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സർവീസുകൾ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങൾ തമ്മിൽ ഏർപ്പെടുന്ന താൽക്കാലിക ധാരണയാണ് എയർ ബബിൾ സംവിധാനം.
ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ചും കൊവിഡ് മാനദണ്ധങ്ങൾക്കും അനുസരിച്ചായിരിക്കണം സർവീസുകൾ നടത്തുക. ഇരു രാജ്യങ്ങളിലേക്കുമുള്ള പ്രവേശനാനുമതി സംബന്ധിച്ച വിഷയങ്ങൾ ടിക്കറ്റ് നൽകുന്പോൾ വിമാന കന്പനി ഉറപ്പുവരുത്തേണ്ടതാണ്.
വിമാന കന്പനികൾക്ക് ടിക്കറ്റുകൾ അവരുടെ വെബ്‌സൈറ്റുകൾ വഴിയോ ട്രാവൽ ഏജൻസി മുഖേനയോ വിൽപന നടത്താവുന്നതാണ്. ഒമാനിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും രാജ്യത്ത് എത്തുന്നതിനുമുന്പ് മുൻകൂറായി പണമടച്ച് പിസിആർ ടെസ്റ്റിന് ബുക്ക് ചെയ്യണമെന്നും ഒമാൻ എയർപോർട്ട് അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ് ഒമാൻ ഇന്ത്യ എയർ ബബിൾ കരാർ കാലാവധി.