മണിപ്പൂരില്‍ കാണാതായ രണ്ട് മെയ്‌തെയ് കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഇംഫാൽ: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ജൂലൈ മാസത്തില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതശരീരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. 'വേഗത്തിലുള്ളതും നിര്‍ണായകവുമായ' നടപടി ഉറപ്പാക്കുമെന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കുട്ടികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
മെയ്‌തേയ് വിഭാഗത്തില് നിന്നുള്ള രണ്ട് ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നിവരുടെ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്. കാടിനുള്ളില്‍ ഒരു സായുധ സംഘത്തിന്റെ താല്‍ക്കാലിക ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്‍ത്തകിടി വളപ്പില്‍ ഇരുവരും ഇരിക്കുന്നതാണ് ഫോട്ടോ. ഇവര്‍ക്ക് പുറകില്‍ തോക്കുമായി നില്‍ക്കുന്ന രണ്ട് പേരെയും ചിത്രത്തില്‍ കാണാം. അടുത്ത ഫോട്ടോയില്‍ ഇരുവരുടെയും ശരീരം തറയില്‍ മരിച്ച നിലയില്‍ കിടക്കുന്നതാണ്.
ഇതിനിടെ വിദ്യാര്‍ത്ഥികളെ കാണാതായി ഇത്രകാലം കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണം നടത്താത്ത പൊലീസ് നടപടിക്കെതിരെ ഇതിനകം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജൂലൈയില്‍ ഇവരെ കാണാതായതിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങള്‍ പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ പിന്തുടര്‍ന്ന് ഇരുവരെയും കണ്ടെത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി.
DFSDFSDFSDFSDFS

