ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് തന്നെ

ശിവസേന അധികാര തർക്കത്തിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് തിരിച്ചടി. പേരും ചിഹ്നവും ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടി മരവിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, ഉദ്ധവിന്റെ ഹരജിയിൽ സുപ്രിംകോടതി നോട്ടീസ് അയച്ചു. ഉദ്ധവ് പക്ഷത്തെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് കടക്കില്ലെന്ന് ഷിൻഡെ പക്ഷം വാക്കാൽ കോടതിയിൽ ഉറപ്പ് നൽകി. ചിഹ്നത്തിന്റെ കാര്യത്തിൽ മാത്രമാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ ആവശ്യം നിരസിച്ചത്. മാത്രമല്ല വരുന്ന ഉപതെരെഞെടുപ്പിൽ ഉദ്ധവ് താക്കറെയുടെ പേരിലെ ശിവസേന മത്സരിക്കുന്നതിന് തടസമില്ല. തീപ്പന്തം ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്.
ജനപ്രതിനിധികളുടെ എണ്ണം നോക്കി കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത് തെറ്റാണെന്ന് ഉദ്ധവ് പക്ഷം വ്യക്തമാക്കി. ഉദ്ധവിന്റെ ഹർജിയിൽ മറുപടി നൽകാൻ 2 ആഴ്ചയാണ് ഷിൻഡെ വിഭാഗത്തിനും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും അനുവദിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ടീസ് അയച്ചത് കൊണ്ട് പ്രശ്‌നം തീരില്ലെന്നും ഇടക്കാല ഉത്തരവ് വേണമെന്നുമുള്ള ഉദ്ധവ് താക്കറെയുടെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.
tuyrtfu