'പാക്കിസ്താന്‍ വിസ നിഷേധിച്ചിട്ടില്ല'; വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ശിഹാബ് ചോട്ടൂര്‍


പാക്കിസ്താന്‍ വിസ നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോട്ടൂര്‍. മാനസികമായോ ശാരീരികമായോ തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ശിഹാബ് പറയുന്നു.

പാക്കിസ്താന്‍ വിസ നിഷേധിച്ചിട്ടില്ല. കാറ്റഗറിയില്‍ വന്ന പ്രശ്‌നമാണ്. സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ വിസ ലഭിക്കും. അനുവദിച്ചിട്ടുള്ളത് ടൂറിസ്റ്റ് വിസയാണ്. തനിക്ക് വേണ്ടത് ട്രാന്‍സിറ്റ് വിസയും. വിസ നിഷേധിച്ചതല്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എംഇഎ മിനിസ്റ്ററുടെ ഒരു പേപ്പര്‍ കിട്ടാനുണ്ട്.

അത് കിട്ടിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ സുഗമമായി നടക്കും. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തനിക്ക് നല്ല പിന്തുണയാണെന്നും ശിഹാബ് കൂട്ടിച്ചേര്‍ത്തു.3200 കിലോമീറ്റര്‍ പിന്നിട്ടു. തിരക്കുപിടിച്ച് പോകേണ്ട ആവശ്യമില്ല. അറിയാത്ത കാര്യങ്ങള്‍ പറയരുത്. തന്നോടൊപ്പം ഒരു യൂട്യൂബറും വന്നിട്ടില്ല. മരണത്തിനല്ലാതെ അല്ലാഹുവിന്റെ തീരുമാനത്തിനല്ലാതെ തന്നെ പിന്തിരിപ്പിക്കാനാകില്ല. പാക്കിസ്താനില്‍ തന്നെ കാണാന്‍ ധാരാളം ആളുകള്‍ കാത്തുനില്‍ക്കുകയാണ്.

ഇറാനും ഇറാഖും മൂന്നുമാസത്തെ വിസ ഒരു വര്‍ഷമാക്കി തന്നു. നടന്ന് ഹജ്ജിന് പോകാനുള്ള വിസ സൗദി അറേബ്യയും നല്‍കിയതായും വീഡിയിയോയില്‍ ശിഹാബ് ചോട്ടൂര്‍ പറയുന്നു. പാക്കിസ്താന്‍ വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ശിഹാബ് വാക അതിര്‍ത്തിയില്‍ തുടരുകയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണില്‍ മലപ്പുറത്ത് നിന്നാണ് ശിഹാബ് ഹജ്ജിനായുള്ള യാത്ര പുറപ്പെട്ടത്. വാഗ അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാനാണ് ശിഹാബിന്റെ പദ്ധതി.

You might also like

Most Viewed