ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ് രസിക്കരുത്'; വാക്കില്‍ 'കുത്തു'മായി നിതിന്‍ ഗഡ്കരി


ആരെയും ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
നല്ലകാലത്തും ചീത്തക്കാലത്തും അവരോടൊപ്പമുണ്ടാകണമെന്നും ഗഡ്കരി പറഞ്ഞു. നാഗ്പൂരില്‍ സംരഭകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ തോല്‍ക്കുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണിന്റെ ഈ വാക്കുകള്‍ ഉദ്ദരിച്ചുകൊണ്ടായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം.

ബിസിനസ്, സാമൂഹിക പ്രവര്‍ത്തനം, രാഷ്ട്രീയം എന്നിങ്ങനെ ഏത് മേഖലയില്‍പ്പെട്ട ഏതൊരാള്‍ക്കും ഏറ്റവും വലിയ ശക്തിയായി മാറുന്നത് മനുഷ്യബന്ധങ്ങളാണെന്നും ഒരാളുടെ കൈപിടിച്ചാല്‍ നല്ലകാലമോ മോശം കാലമോ എന്ന് നോക്കാതെ എപ്പോഴും ആ കൈ മുറുകെ പിടിക്കണമെന്നും ഗഡ്കരി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് നിതിന്‍ ഗഡ്കരിയെ ഒഴിവാക്കിയതിലുള്ള പരോക്ഷപ്രതികരണമായിട്ടാണ് പുതിയ പ്രസ്താവനയെ നിരീക്ഷകർ കാണുന്നത്.

You might also like

  • Straight Forward

Most Viewed