ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു; രാജിക്കത്തിൽ‍ രാഹുൽ‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർ‍ശനം


മുൻ കേന്ദ്രമന്ത്രിയും കോൺ‍ഗ്രസ് മുതിർ‍ന്ന നേതാവുമായ ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു. കോൺ‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ‍ നിന്നും പ്രാഥമിക അംഗത്വത്തിൽ‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ‍ പറഞ്ഞു.

സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തിൽ‍ രാഹുൽ‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർ‍ശനമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചിരിക്കുന്നത്. രാഹുൽ‍ ഗാന്ധിയുടെ പക്വതയില്ലായ്മയും പാർ‍ട്ടിയിലെ കൺസൾ‍ട്ടേറ്റീവ് സംവിധാനത്തെ തകർ‍ത്തുവെന്നും കത്തിൽ‍ ആരോപിച്ചു. രാഹുൽ‍ ഗാന്ധി പക്വതയില്ലാതെ പെരുമാറി, കൂടിയാലോചന സംവിധാനത്തെ തകർ‍ത്തു, രാഹുൽ‍ പുതിയ ഉപജാപക വൃന്ദത്തെ സൃഷ്ടിച്ചു, കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല, തുടങ്ങിയ വിമർ‍ശനങ്ങൾ‍ അദ്ദേഹം കത്തിൽ‍ ആരോപിച്ചു.

‘രാഹുൽ‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനത്തോടെ പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷവും അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് ശേഷവും മുമ്പ് നിലവിലുണ്ടായിരുന്ന കൺസൾ‍ട്ടേറ്റീവ് മെക്കാനിസം മുഴുവനും തകർ‍ത്തു. ഈ പക്വതയില്ലായ്മയുടെ ഉദാഹരണങ്ങളിലൊന്നാണ് രാഹുൽ‍ സർ‍ക്കാർ‍ ഓർ‍ഡിനൻസ് കീറിക്കളഞ്ഞതാണ്.

2019 തെരഞ്ഞെടുപ്പിന് ശേഷം പാർ‍ട്ടിയിലെ സ്ഥിതി കൂടുതൽ‍ വഷളായി. യുപിഎ ഗവണ്‍മെന്റിന്റെ സമഗ്രത തകർ‍ത്ത ‘റിമോട്ട് കണ്‍ട്രോൾ‍ മോഡൽ‍’ ഇപ്പോൾ‍ ഇന്ത്യൻ നാഷണൽ‍ കോൺ‍ഗ്രസിലും രാഹുൽ‍ പ്രയോഗിച്ചു. നിങ്ങൾ‍ (സോണിയ ഗാന്ധി) പേരിന് മാത്രമുള്ള ഒരാളായിരിക്കെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും രാഹുൽ‍ ഗാന്ധിയോ അദ്ദേഹത്തിന്റെ ആളുകളോ എടുക്കുകയായിരുന്നു.കോണ്‍ഗ്രസ് പാർ‍ട്ടി തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നെന്നും അദ്ദേഹം കത്തിൽ‍ കുറ്റപ്പെടുത്തി.

ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടർ‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജി. പാർ‍ട്ടി പ്രവർ‍ത്തക സമിതി ചേരാനിരിക്കെയാണ് രാജിയെന്നതും പ്രധാനമാണ്. ഇതോടെ എല്ലാ പദവികളും അദ്ദേഹം ഒഴിഞ്ഞിരിക്കുകയാണ്. വിമർ‍ശനങ്ങൾ‍ ഉന്നയിക്കുന്നവരെ പാർ‍ട്ടിയിൽ‍ നിന്ന് ഒറ്റപ്പെടുത്തുന്നു, നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ച എന്നിവയടക്കമുള്ള വിമർ‍ശനങ്ങൾ‍ അദ്ദേഹം ഉന്നയിച്ചിരുന്നു. ജി 23 സഖ്യം കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങളിലേക്കെത്തുകയാണെന്നാണ് സൂചനകൾ‍.

സംഘടനാ മികവിന്റെ കാര്യത്തിൽ‍ അദ്ദേഹം എന്നും പുലർ‍ത്തിയ പക്വത കോണ്‍ഗ്രസിന്റെ ഭരണകാലത്തും അല്ലാത്ത കാലത്തും ഏറെ നിർ‍ണായകമായിരുന്നു. പാർ‍ലമെന്ററി പ്രവർ‍ത്തന രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളും കോണ്‍ഗ്രസിന് മറക്കാനാകുന്നതല്ല.

You might also like

  • Straight Forward

Most Viewed