ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു


പേമാരിയെത്തുടർന്നുള്ള മേഘവിസ്ഫോടനവും മിന്നൽപ്രളയവും മൂലം ഉത്തരേന്ത്യയിൽ 38 പേർ മരിച്ചു.

വെള്ളിയാഴ്ച മുതൽ കനത്ത മഴ അനുഭവപ്പെടുന്ന ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിൽപ്പെട്ട് 22 പേർ മരിച്ചു. കനത്ത മഴ തുടരുന്ന ഒഡീഷയിൽ ആറ് പേരും ഉത്തരാഖണ്ഡിൽ നാല് പേരും മരിച്ചു. ജമ്മു കാഷ്മീരിൽ രണ്ട് പേർ മഴക്കെടുതിയിൽ കൊല്ലപ്പെട്ടു.

ഉത്തരേന്ത്യയിൽ നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. മേഖലയിലെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. പ്രളയഭീതി തുടരുന്നതിനാൽ ഒട്ടേറെ ഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.

ഹിമാചലിലെ മണാലി-ചണ്ഡിഗഡ് ദേശീയപാത ഉൾപ്പെടെ 743 റോഡുകളിൽ ഗതാഗതം നിർത്തിവച്ചു. ധർമശാലയിൽ ചക്കി നദിക്കു കുറുകെയുള്ള റെയിൽവേ പാലത്തിന്‍റെ മൂന്നു തൂണുകൾ നദിയിലേക്കു തകർന്നുവീണു. 25 വരെ സംസ്ഥാനത്തു മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

ഉത്തരാഖണ്ഡിൽ പ്രസിദ്ധ ശിവക്ഷേത്രമായ താപകേശ്വർ ഗുഹയിൽ വെള്ളംകയറി. മസൂറിക്ക് സമീപമുള്ള വിനോദസഞ്ചാരകേന്ദ്രമായ കെംപി വെള്ളച്ചാട്ടവും അപകടകരമായ അവസ്ഥയിലാണ്.

You might also like

Most Viewed