അ​ഗ്നി​പ​ഥ്: റി​ക്രൂ​ട്ട്മെ​ന്‍റ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു; പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം


ന്യൂഡൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്‍റ് തീയതികൾ പ്രഖ്യാപിച്ചു. കരസേനയിൽ റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ച ഇറങ്ങും. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മൂന്ന് സേനകളും സംയുക്തമായി വിളിച്ച വാർത്താസമ്മേളനത്തിൽ പ്രതിരോധവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അനില്‍ പുരിയാണ് ഇക്കാര്യം അറിയിച്ചത്.

വ്യോമസേനയിൽ രജിസ്ട്രേഷൻ 24ന് ആരംഭിക്കും. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബർ 30 ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. നാവികസേനയിൽ 25നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21ന് നാവികസേനയിൽ പരിശീലനം തുടങ്ങും. അഗ്നിപഥ് പദ്ധതി വഴി കപ്പലുകളിലേക്കും വനിതകളെ നിയമിക്കുമെന്ന് നാവികസേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വനിതകളെ സെയിലർമാരായി നിയമിക്കുമെന്നാണ് അറിയിപ്പ്. അഗ്നിപഥ് പദ്ധതി അനുസരിച്ച് തുടക്കത്തില്‍ 46,000 പേരെയാണ് നിയമിക്കുക. ഭാവിയില്‍ നിയമനം 1.25 ലക്ഷമായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷം ശരാശരി 60000 പേരെ വരെ പ്രതിവര്‍ഷം നിയമിക്കും. ഇത് പിന്നീട് 90000 ആയി ഉയര്‍ത്തും. ഭാവിയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ സൈന്യത്തിലേക്ക് കൂടുതൽ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണ്. സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസിന് താഴെയാണ്. അതിനാൽത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും അനിൽപുരി വ്യക്തമാക്കി. സേനയുടെ ശരാശരി പ്രായം കുറയ്ക്കേണ്ടതുണ്ട് എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ചർച്ചയല്ല. കാർഗിൽ യുദ്ധകാലത്തിന് ശേഷം തുടങ്ങിയ ചർച്ചയാണിത്. ജനറൽ ബിപിൻ റാവത്തിന്‍റെ നേതൃത്വത്തിൽ രണ്ട് വർഷത്തെ ചർച്ചയ്ക്കു ശേഷം തയാറാക്കിയതാണ് പദ്ധതി.

നിലവിൽ 14,000 പേർ കരസേനയിൽ നിന്ന് ഓരോ വർഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരിൽപ്പലരും സർവീസ് പൂർത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസാണ്. അതിനാൽത്തന്നെ തൊഴിൽ ഇല്ലാതാകും എന്ന വാദത്തിന് അർത്ഥമില്ലെന്നും അനിൽ പുരി പറഞ്ഞു. അക്രമങ്ങളിൽ പങ്കുള്ളവർക്ക് സേനയിൽ സ്ഥാനമുണ്ടാവില്ല. പ്രതിഷേധങ്ങൾ നിറുത്തി റിക്രൂട്ട്മെന്‍റിന് തയാറെടുക്കണമെന്ന് അനിൽ പുരി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed