എ.ഐ.സി.സി ആസ്ഥാനത്തിന് പുറത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം; പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി


നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എംപി ഇന്ന് ഇ.ഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകും. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്തിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. രാഹുൽ ഗാന്ധിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചോദ്യംചെയ്യൽ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ ഇ.ഡി ഓഫീസ് മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട്‌ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എ.ഐ.സി.സിയിലേക്കുള്ള മുഴുവൻ റോഡുകളും അടച്ചു. ഡൽഹി പൊലീസിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചു. 

എ.ഐ.സി.സി ഓഫീസ് പരിസര പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. സോണിയയും രാഹുലുമാണ് യങ് ഇന്ത്യ ലിമിറ്റഡിൻറെ എംഡിമാർ. നാഷണൽ ഹെറാൾഡിൻറെ പേരിലുള്ള സ്വത്ത് കൈക്കലാക്കുന്നതിനായി രൂപീകരിച്ച കമ്പനിയാണ് യങ് ഇന്ത്യയെന്നാണ് പരാതിയിലുള്ളത്. ഈ വിഷയത്തിലാണ് രാഹുലിനെ ഇന്ന് ഇ.ഡി ചോദ്യംചെയ്യുക. എന്നാൽ കേസിലുള്ള ഇ.ഡിയുടെ ഇടപെടൽ രാഷ്ട്രീയപ്രേരിതമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.ഇ.ഡി ഓഫീസിലേക്ക് ചോദ്യംചെയ്യലിനായി പോകുമ്പോൾ ദേശീയ നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും. കേസിൽ സോണിയാ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 23ന് ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ആഴ്ച ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാൽ സോണിയാ ഗാന്ധി ഹാജരായിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed