ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി അറസ്റ്റിൽ

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 4.81 കോടിയുടെ കള്ളപ്പണ ഇടപാടിൽ സത്യേന്ദർ ജെയ്ൻ പങ്കുചേർന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ സത്യേന്ദർ ജെയ്‌നിന്റേയും ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള ചില സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് സത്യേന്ദർ ജെയ്ൻ തന്നെയാണ് ഇടപാടുകൾക്ക് പിന്നിലെന്ന് എൻഫോഴ്‌സ്‌മെന്റ് സ്ഥിരീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അൽപസമയം മുന്‍പ് മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സത്യേന്ദർ ജെയ്‌നിന്റെ നേതൃത്വത്തിൽ ചില വ്യാജകമ്പനികൾ വഴി കൊൽക്കത്തയിലെ ഒരു സ്ഥാപനത്തിലേക്ക് പണമെത്തിച്ചെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ അറസ്റ്റ് ഡൽഹി സർക്കാരിനും ആം ആദ്മി പാർട്ടിക്കും കനത്ത തിരിച്ചടിയാണ്. കേസുമായി ബന്ധപ്പെട്ട വിശദമായ ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കുമെന്നും കേസിൽ കൂടുതൽ പേർ ഉൾപ്പെടുമെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് നൽകുന്ന വിവരം.