ചെന്നൈയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്ന സംഭവം; 4 പേർ അറസ്റ്റിൽ


ചെന്നൈയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ഗ്രേറ്റർ ചെന്നൈ പൊലീസാണ് ന്യൂനപക്ഷ മോർച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡൻ്റ് വി ബാലചന്ദറിൻ്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ച സാമിനായകർ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ ആറു പേരടങ്ങിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്.

 എം പ്രദീപ് (26), ഇയാളുടെ സഹോദരൻ സഞ്ജയ് (24), കെ കലൈരാജൻ (28), ജെ ജോതി (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ ഒരു മൊബൈൽ ഫോണും ബൈക്കും മൂന്ന് കത്തികളും കണ്ടെടുത്തു. ബാലചന്ദറുമായി പ്രദീപിനും പിതാവ് മോഹനും ശത്രുത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 19ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രദീപ്. മറ്റു പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ബാലചന്ദറിൻ്റെ പേരിലും നിരവധി ക്രിമിനൽ കേസുകളുണ്ട്.

കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിനെതിരെ വധഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. പക്ഷേ, പൊലീസുകാരൻ ചായ കുടിക്കാനായി മാറിയപ്പോഴായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരൊക്കെ നോക്കിനിൽക്കെയായിരുന്നു ആക്രമണം. മരിച്ചെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് സംഘം സ്ഥലം വിട്ടത്. ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You might also like

  • Straight Forward

Most Viewed