'അന്യമതത്തിലെ യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തി'; 2 പേർ അറസ്റ്റിൽ

അന്യമതത്തിലെ യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയതായി പൊലീസ്. കർണാടക കൽബുർഗി ജില്ലയിലെ വാഡി ടൗണിലെ ഭീമാ നഗര്‍ ലേഔടില്‍ താമസിക്കുന്ന വിജയ കാംബ്ലെയാണ് (25) മരിച്ചത്. ഇതേ തുടര്‍ന്ന് കല്‍ബുര്‍ഗി ജില്ലയില്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി റെയില്‍വേ പാലത്തിന് സമീപം ഒരു സംഘം ആളുകള്‍ വിജയ കാംബ്ലെയുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയും രക്തം വാര്‍ന്ന് മരിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിജയ അന്യമതത്തിലെ യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും പെൺകുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ചേര്‍ന്നാണ് മകനെ കുത്തിക്കൊന്നതെന്ന് വിജയയുടെ അമ്മ ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. യുവതിയുടെ സഹോദരന്‍ ശഹാബുദ്ദീൻ (19), നവാസ് (19) എന്ന മറ്റൊരാളുമാണ് പിടിയിലായത്.