‘അശ്ലീല വിഡിയോ നിര്‍മിച്ചത് കോണ്‍ഗ്രസുകാരല്ല’; ശരിയായി അന്വേഷിച്ചാല്‍ വാദി പ്രതിയാകുമെന്ന് വി ഡി സതീശന്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ അശ്ലീല വിഡിയോയുമായി യുഡിഎഫിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് സമയത്ത് വൈകാരിക അന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ ആരോപിച്ചു. വിഡിയോ യുഡിഎഫിന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കേണ്ട. വിഡിയോ പ്രചരിപ്പിച്ചവരില്‍ സിപിഐഎംകാരും ബിജെപിക്കാരും ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കുളം കലക്കി മീന്‍ പിടിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യം വിളിക്കാന്‍ അവര്‍ അനുവാദം കൊടുത്തു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്ന ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പരിപാടി നടത്താന്‍ അനുമതി നല്‍കിയത് എന്തിനാണെന്ന് മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.