ഭിക്ഷ യാചിച്ച് കിട്ടിയ ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നൽകി എൺപതുകാരി

ഭിക്ഷ യാചിച്ച് ലഭിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിൽ സംഭാവന നൽകി എൺപതുകാരിയായ അശ്വതാമ്മ. മംഗളൂരുവിലെ ശ്രീ ക്ഷേത്ര രാജരാജേശ്വരി ക്ഷേത്രത്തിലേക്കാണ് സംഭാവന നൽകിയത്. ഇതേ ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ ഭിക്ഷ യാചിച്ച് ലഭിച്ച തുകയാണ് നൽകിയത്. ഉഡുപ്പി ജില്ലയിലെ ഗംഗോളിയിലെ കഞ്ചിഗോഡ് സ്വദേശിയാണ് അശ്വതാമ്മ. 18 വർഷക്കാലമായി ഉത്സവ സമയങ്ങളിൽ അശ്വതാമ്മ ഭിക്ഷ യാചിക്കാറുണ്ട്. ഇതിന് മുമ്പും ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ആറ് ലക്ഷം രൂപയോളം സംഭാവന ചെയ്തിട്ടുണ്ട്. അയ്യപ്പ ഭക്തയായ ഇവർ ശബരിമലയിലെ ഒരു ലക്ഷത്തിലധികം തീർത്ഥാടകർക്ക് അന്നദാനവും സാലിഗ്രാമത്തിലെ ശ്രീ ഗുരുനരസിംഹ ക്ഷേത്രത്തിന് ഒരു ലക്ഷവും പൊളാളി ശ്രീ അഖിലേശ്വരയിലെ അയ്യപ്പഭക്തർക്ക് 1.5 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഉഡുപ്പിയിലെയും ദക്ഷിണ കർണാടകയിലെയും അനാഥാലയങ്ങൾക്കും സംഭാവന നൽകിയിട്ടുണ്ട്.
സമൂഹം തനിക്ക് നൽകിയ പണം തിരിച്ചടയ്ക്കുകയാണ് താൻ ചെയ്യുന്നതെന്നും ആരും പട്ടിണി കിടക്കരുത് എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നുമാണ് വയോധിക പറയുന്നത്. 18 വർഷം മുമ്പാണ് അശ്വതാമ്മ ഭിക്ഷ യാചിക്കാൻ തുടങ്ങിയത്. ഭർത്താവിന്റെയും മക്കളുടെയും മരണം ഇവരുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തമായിരുന്നു. കിട്ടുന്ന തുകയുടെ ഒരു ഭാഗം മാത്രം തനിക്കായി സൂക്ഷിക്കുകയും, ബാക്കിയുള്ളത് ബാങ്കിൽ നിക്ഷേപിക്കുകയുമാണ് പതിവ്. ഈ തുകയാണ് ക്ഷേത്രങ്ങളെയും അനാഥരെയും സഹായിക്കാൻ വിനിയോഗിക്കുന്നത്.