സൈന്യത്തിൽ വൻ സൈബർ സുരക്ഷാ വീഴ്ച്ചയെന്ന് ഇന്റലിജൻസ്
19 രാജ്യത്തിന്റെ സൈനിക ഉദ്യോഗസ്ഥരുമായും ശത്രുരാജ്യങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങളിൽ സൈബർ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന വെളിപ്പെടുത്തലുമായി ഇന്റലിജൻസ് ഏജൻസി. ചില സൈനിക ഉദ്യോഗസ്ഥർക്കും സൈബർ സുരക്ഷാവീഴ്ച്ചയിൽ പങ്കുള്ളതായാണ് സൈനിക വൃത്തങ്ങളിൽ നിന്ന് അറിയുന്നത്. സൈബർ സുരക്ഷാവീഴ്ച്ചയിൽ അയൽരാജ്യങ്ങൾക്ക് ബന്ധമുണ്ടെന്ന സാധ്യതകളെ തള്ളിക്കളയാനാവില്ലെന്നാണ് ഉന്നത സൈനിക കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതെന്ന് സൈനിക ഇന്റലിജൻസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം സൈന്യം നടത്തിവരുകയാണ്. സുരക്ഷാവീഴ്ച്ചയുമായി ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ല. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവിരങ്ങൾ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സൈനിക വൃത്തങ്ങൾ വിശദീകരിച്ചു. ചൈന, പാകിസ്താൻ രഹസ്യാന്വേഷണ വൃത്തങ്ങൾ ഇന്ത്യൻ സൈനികരിൽനിന്നും നിർണ്ണായ സൈനിക വിവരങ്ങൾ ചോർത്തിയെടുക്കാൻ ശ്രമം നടത്തിയതായുളള റിപ്പോർട്ടുകളുണ്ട്. ചില സൈനികർ ചാരപ്രവർത്തനത്തിൽ കണ്ണികളായതായതായും നിർണ്ണായക സൈനിക വിവരങ്ങൾ ശത്രുരാജ്യങ്ങൾക്ക് കൈമാറിയതായും സംശയിക്കുന്നുണ്ടെന്ന് സൈനിക കേന്ദ്രങ്ങൾ പറയുന്നു.
