പെട്രോൾ വിലക്കയറ്റത്തിൽ നിശബ്ദത; അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോൺഗ്രസ്

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോൺഗ്രസ് പ്രവർത്തകർ. യുപിഎ ഭരണകാലത്ത് പെട്രോൾ വിലയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ഇരുവരും ഇപ്പോൾ നിശബ്ദരായിരിക്കുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.'2012ൽ വാഹനം വാങ്ങാം എന്നാൽ പെട്രോളും ഡീസലും വാങ്ങാൻ വായ്‌പ വേണമെന്ന് ഇന്ധന വിലവർധനയ്‌ക്കെതിരെ ഈ അഭിനേതാക്കൾ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് എൽപിജി സിലിണ്ടറിന് 300-400 രൂപയായിരുന്നു വില, പെട്രോളിനും ഡീസലിനും ലിറ്ററിന് 60 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ എൽപിജി സിലിണ്ടറുകളുടെ വില 1000 രൂപയിലധികവും പെട്രോൾ-ഡീസൽ 100-120 രൂപയുമാണ്. ഈ അവസ്ഥയിൽ ഇരുവരും ഒരക്ഷരം പോലും മിണ്ടുന്നില്ല', പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് എംഎൽഎ പിസി ശർമ പിടിഐയോട് പറഞ്ഞു. ഇവർക്ക് സാധാരണ ജനങ്ങളെക്കുറിച്ച് യാതൊരു വേവലാതിയുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.