ഒമൈക്രോൺ: കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

ന്യൂഡൽഹി
രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും. വൈറസ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും, വാക്‌സിനേഷനിൽ പുറകിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലുമാണ് സംഘം എത്തുക. നേരട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധ സംഘത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.
ഒമൈക്രോൺ പഞ്ചാത്തലത്തിൽ കൂടുതൽ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം നേരത്തെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിൽ കൂടുതലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിൽ 9 ജില്ലകളും കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിൽ കോവിഡ് വ്യാപനം കൂടുതലാണ്. ഇവിടെ സംഘം സന്ദർശനം നടത്തും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലും, ഉത്തർ പ്രദേശിലും സംഘം നേരിട്ടെത്തി കോവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തും.
അതേസമയം രാജ്യത്ത് ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 415 ആയി ഉയർന്നു. ഇതിൽ 115 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 70 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ല. മഹാരാഷ്ട്രയിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 108 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഡൽഹി 79, ഗുജറാത്ത് 43, തെലങ്കാന 38, കേരളം 37 എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം ആശങ്കജനകമായാണ് ഉയരുന്നത്.
ക്രിസ്മസ്−പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായേക്കും. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയട്ടുണ്ട്. ഡൽഹിയിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളും ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.