രാജ്യത്ത് ഭക്ഷണം ലഭ്യമാകാതെ ആരും മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി


ന്യൂഡൽഹി: രാജ്യത്ത് ഭക്ഷണം ലഭ്യമാകാതെ ആരും മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഒരു ക്ഷേമ രാഷ്ട്രത്തിൽ ജനങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വിശന്ന് മരിക്കാതിരിക്കാൻ സമൂഹ അടുക്കള പദ്ധതി തയാറാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സമൂഹ അടുക്കളകൾ പദ്ധതിക്കായുള്ള ദേശീയ നയം രൂപീകരിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ കൃത്യമായ വിവരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ മറുപടി. 

രാജ്യവ്യാപകമായി സമൂഹ അടുക്കള പദ്ധതി തയാറാക്കാൻ ഒക്ടോബർ‍ 27ന് സുപ്രീം കോടതി കേന്ദ്രത്തോട് നിർ‍ദേശിച്ചിരുന്നു. ഇപ്പോഴും വിവരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. പദ്ധതിയെക്കുറിച്ചോ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകളെക്കുറിച്ചോ അതിന് ആവശ്യമായ ഫണ്ടിനെക്കുറിച്ചോ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. മൂന്ന് ആഴ്ചയ്ക്കകം കേന്ദ്രം തീരുമാനം എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed