മയക്കുമരുന്ന് കേസ്; ആര്യനു പിന്നാലെ ജയിൽമോചിതരായി അർബാസും മുൺമുണും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാന് പിന്നാലെ അർബാസ് മർച്ചന്റും മുൺമുൺ ധമേച്ചയും ജയിൽമോചിതരായി. വ്യാഴാഴ്ചയാണ് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ റിലീസിങ് ഓർഡർ ജയിലിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുത്തു. ഇതാണ് ജയിൽമോചനം വൈകാനിടയാക്കിയത്. ഇന്നു രാവിലെയാണ് മുൺമുൺ ധമേച്ച ബൈക്കുള വനിതാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സ്വദേശമായ മധ്യപ്രദേശിലേക്ക് പോകാനാണ് ഇവരുടെ തീരുമാനമെങ്കിലും ഇതിന്, എൻ.സി.ബിയുടെ അനുമതി വേണം. യാത്രാ അനുമതിക്കായി ഉടൻതന്നെ എന്‍.സി.ബിക്ക് അപേക്ഷ നൽകുമെന്നാണ് മുൺമുൺ ധമേച്ചയുടെ അഭിഭാഷകനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയായതിനു പിന്നാലെ ഇന്ന് ഉച്ചയോടെ ആര്യൻ ഖാന്റെ സുഹൃത്തായ അർബാസ് മർച്ചന്റും പുറത്തിറങ്ങി. ആര്യനോടൊപ്പം ആർതർറോഡ് ജയിലിലായിരുന്നു അർബാസിനെയും പാർപ്പിച്ചിരുന്നത്. മൂന്നു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി. ഓഫീസിലെത്തി ഒപ്പിടണമെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. രാജ്യം വിട്ട് പുറത്തുപോകരുതെന്നും പാസ്‌പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.