പുനീത് രാജ്കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിടനൽകി

ബംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ ഇനി ഓർമ. പൂർണ സംസ്ഥാന ബഹുമതികളോടെ താരത്തിന്റെ സംസ്‌കാരം നടത്തി. സിനിമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. അച്ഛൻ രാജ്കുമാറിന്റെ സമാധിയിടമായ കണ്ഠീരവ സ്റ്റുഡിയോയിൽ തന്നെയാണ് അപ്പുവിനും അന്ത്യവിശ്രമം ഒരുക്കിയത്.
പുലർച്ചെ നാലു മണിക്ക് കണ്ഠീരവ േസ്റ്റഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. തുടർന്നു വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. 7.30നാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. അമേരിക്കയിലുള്ള മകൾ ശനിയാഴ്ച രാത്രിയോടെയാണ് ബംഗളൂരുവിൽ എത്തിയത്. പുനീതിന്റെ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആരാധകരെല്ലാം എത്തുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്ന സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് കുടുംബം സംസ്‌കാര ചടങ്ങുകൾ പുലർച്ചെ മാറ്റിയത്.