മൈസൂരു കൂട്ടമാനഭംഗം: അഞ്ച് പേർ അറസ്റ്റിൽ

മൈസൂരു: മൈസൂരുവിനടുത്ത് ചാമുണ്ഡി ഹില്ലിൽ എംബിഎ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. തിരുപ്പൂർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. മൈസൂരുവിലെ പഴക്കച്ചവടക്കാരാണ് ഇവർ. മലയാളി വിദ്യാർത്ഥികൾ അടക്കം 35 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൈസൂരു നഗരത്തിലെ പ്രമുഖ കോളജിൽ പഠിക്കുന്ന മൂന്നു മലയാളി വിദ്യാർത്ഥികളും തമിഴ്നാട്ടിൽനിന്നുള്ള ഒരു വിദ്യാർത്ഥിയുമാണ് സംശയനിഴലിലുണ്ടായിരുന്നത്.
നഗരത്തിലെ സ്വകാര്യ കോളേജിൽ എംബിഎയ്ക്ക് പഠിക്കുന്ന ഇരുപത്തിരണ്ടുകാരിയാണ് ചൊവ്വാഴ്ച വൈകുന്നേരം 7.30ഓടെ ചാമുണ്ഡി ഹില്ലിനടുത്ത് ലളിതാദ്രിപുരയിൽ കൂട്ടമാനഭംഗത്തിനിരയായത്. സംഭവം നടന്ന ചൊവ്വാഴ്ച രാത്രി 7.30 മുതൽ ചാമുണ്ഡിഹിൽ പ്രദേശത്തെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽനിന്ന് 20 മൊബൈൽ നന്പറുകൾ പോലീസ് ശേഖരിച്ചിരുന്നു. ഈ നന്പറുകളിൽ സംശയനിഴലിലായിരുന്ന നാലു വിദ്യാർത്ഥികളുടെ മൊബൈൽ നന്പറുകളുമുണ്ടായിരുന്നു. മൊബൈൽ നന്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.