ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്ററെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യൂട്യൂബ് വീഡിയോയിലൂടെയാണ് കോൺഗ്രസ് നേതാവിന്‍റെ വിമർശനം. ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കുകയാണ് ട്വിറ്റർ. രാജ്യത്തെ രാഷ്ട്രീയം തീരുമാനിക്കുന്ന ട്വിറ്ററിന്‍റെ നടപടി രാഷ്ട്രീയക്കാരനെന്ന നിലയിൽ തനിക്ക് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റർ പക്ഷപാതത്തോടെയാണ് പെരുമാറുന്നത്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് അപകടകരമാണ്. രാഹുൽ ഗാന്ധിക്ക് നേരെയുള്ള ആക്രമണമല്ല നടക്കുന്നത്, ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലൂടെ രാഹുൽ ഗാന്ധിക്ക് മാത്രമല്ല ട്വിറ്റർ പൂട്ടിടുന്നത്. 20 മില്യൺ വരുന്ന തന്‍റെ ഫോളോവേഴ്‌സിന് അഭിപ്രായം പറയാനുള്ള അവകാശത്തെയാണ് ട്വിറ്റർ ഇല്ലാതാക്കിയിരിക്കുന്നതെന്നും രാഹുൽ വീഡിയോയിൽ പറഞ്ഞു.
രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. പാർലമെന്‍റിൽ ഞങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ല, മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു. ട്വിറ്റർ കേന്ദ്രം പറയുന്നത് കേട്ടാണ് പ്രവർത്തിക്കുന്നത്. ട്വിറ്റർ ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമാണ് എന്ന ആശയം ലംഘിക്കുന്നതും കൂടിയാണ്. ഒരു പാർട്ടിയുടെ പക്ഷം ചേരുക എന്നത് വളരെ ഏറെ അപകടം നിറഞ്ഞ കാര്യമാണെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിൽ പൂജാരിയും സംഘവും ക്രൂരമായി കൊലപ്പെടുത്തിയ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചു എന്നാരോപിച്ച് ട്വിറ്റർ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിനെതിരേ നടപടിയെടുത്തിരുന്നു.
ഇതേകാരണം ചൂണ്ടിക്കാട്ടി മറ്റുള്ളവരുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിച്ചു എന്നാരോപിച്ചാണ് ഇപ്പോൾ കോൺഗ്രസിന്‍റെ തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും പൂട്ടിയത്. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയുള്ളതാണ് എന്നായിരുന്നു കോൺഗ്രസിന്‍റെ അക്കൗണ്ട് പൂട്ടിയതിൽ ട്വിറ്റർ ഇന്ത്യയുടെ വിശദീകരണം. ട്വിറ്റർ നിയമപരമായും പക്ഷപാത രഹിതവുമായാണ് പ്രവർത്തിക്കുന്നത്. ദേശായ ബാലാവകാശ കമ്മീഷന്‍റെ നിർദേശം ലഭിച്ചിരുന്നു. അതനുസരിച്ചാണ് എല്ലാ നടപടികളും എടുത്തിരിക്കുന്നതെന്നും ട്വിറ്റർ വക്താവ് പ്രതികരിച്ചിരുന്നു.

