കനത്ത മഴയിൽ മണ്ണിടിച്ചിൽ: കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു


മംഗളൂരു: കനത്ത മഴയിൽ കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മംഗളൂരുവിൽനിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ് ഇന്ന് രാവിലെ മണ്ണിടിഞ്ഞത്. മീറ്ററുകളോളം പാളം പൂർണമായി മണ്ണിനടിയിലായി.

ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽപ്പെട്ട ഭാഗമാണിത്. റെയിൽവേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകർന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തുടരുന്ന ശക്തമായ മഴ പാളത്തിലെ മണ്ണ് നീക്കുന്നതിനു തടസ്സമാകുന്നുണ്ട്.

മണ്ണ് നീക്കി തകരാറുകൾ പരിഹരിച്ചാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ശനിയാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

Most Viewed