മയക്കുമരുന്ന് ഉപയോഗം: നടി നയരാ ഷായും സുഹൃത്ത് ആഷിക് സാജിദ് ഹുസൈനും അറസ്റ്റിൽ
മുംബൈ: ലഹരിവസ്തുക്കൾ ഉപയോഗിച്ച കേസിൽ നടി നയരാ ഷായെയും സുഹൃത്ത് ആഷിക് സാജിദ് ഹുസൈനെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്
മുംബൈ ജുഹുവിലെ ഹോട്ടൽ മുറിയിൽ എൻസിബി പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒരു ഗ്രാം ചരസ് നിറച്ച സിഗററ്റും ഇവരിൽ നിന്ന് കണ്ടെടുത്തു.
ഞായറാഴ്ച രാത്രി ഹോട്ടലിൽ നയരാ ഷാ തന്റെ ജൻമദിനം ആഘോഷിക്കാൻ എത്തിയതാണ്. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതോടെയാണ് സാന്റാക്രൂസ് പോലീസ് ഹോട്ടലിൽ പരിശോധന നടത്താൻ എത്തിയത്. തുടർന്നായിരുന്നു അറസ്റ്റ്.
ഏതെങ്കിലും മയക്കുമരുന്ന് റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. നടിയുടെ വൈദ്യപരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ച അളവിനേക്കാൾ കൂടുതൽ മരുന്നുകൾ നടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയാൽ കേസ് ഗുരുതരമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.



