ഇന്ത്യയിലെ നിയമത്തിൽനിന്ന് ഒളിച്ചോടിയതല്ല; യുഎസിൽ ചികിത്സയ്ക്കായാണ് പോയതെന്ന്


ന്യൂഡൽഹി: ഇന്ത്യ വിട്ടത് ചികിത്സയ്ക്കായെന്ന് വിവാദ വ്യവസായി മെഹുൽ ചോക്സി. താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും ഡൊമിനിക്കയിലെ ജയിലിൽ കഴിയുന്ന ചോക്സി അവിടുത്തെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മുലത്തിൽ പറഞ്ഞു. തന്നെ കാണാനും ചോദ്യങ്ങൾ ചോദിക്കാനും ഇന്ത്യൻ അധികൃതരെ ക്ഷണിച്ചിട്ടുണ്ടെന്നും ചോക്സി പറയുന്നു.

ഇന്ത്യയിലെ നിയമത്തിൽനിന്ന് ഒളിച്ചോടിയതല്ല, രാജ്യം വിട്ടപ്പോൾ തനിക്കെതിരെ ഒരു വാറന്റ് പോലുമില്ലായിരുന്നു. യുഎസിൽ ചികിത്സയ്ക്കായാണ് പോയത്. ഒളിച്ചുകഴിയാൻ ഒരു ഉദ്ദേശവുമില്ല. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ് രാജ്യാന്തര വാറന്റ് അല്ല. കീഴടങ്ങാനുള്ള അഭ്യർത്ഥനയാണ്. ഇന്ത്യയിലേക്കു നാടുകടത്താനുള്ള നടപടികൾ ആന്റിഗ്വയിൽ ആരംഭിച്ചിട്ടുണ്ട്. അതിനാൽ കോടതി അനുമതിയില്ലാതെ ഡൊമിനിക്ക വിടില്ല. എന്നെ ഇന്ത്യയിലേക്ക് നാടുകടത്തണോയെന്ന് തീരുമാനിക്കാൻ ഞാൻ ആന്റിഗ്വ സുപ്രീം കോടതിയിൽ രണ്ട് ഹർജികൾ നൽകിയിരുന്നു. എല്ലാ കോടതി നടപടികളിലും താൻ ഹാജരായിട്ടുണ്ട്. നിയമം അനുസരിക്കുന്നയാണാണ് ഞാൻ. മുൻപ് ഒരു കേസിലും പെട്ടിട്ടില്ല. പൊലീസ് കസ്റ്റഡിയിൽ തുടർന്നാൽ ആരോഗ്യം നശിക്കുമെന്ന് പേടിയുണ്ട്. 62 വയസ്സായി. ഗുരുതര രോഗമുള്ളയാളാണ്. പ്രമേഹമുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നുണ്ട്. ഹൃദ്രോഗവും മറ്റു പ്രശ്നങ്ങളുമുണ്ട്.

ജാമ്യത്തിന് പണം കെട്ടിവയ്ക്കണമെങ്കിൽ അതിനും തയാറാണ്. അനധികൃതമായി ഡൊമിനിക്കയിൽ പ്രവേശിച്ചുവെന്ന കേസിൽ കോടതി നടപടി തീരുന്നതുവരെ രാജ്യത്ത് താമസിക്കാനുള്ള ശേഷിയുണ്ട്. സ്വന്തം സുരക്ഷ ഉറപ്പാക്കാനും കഴിയും’  8 പേജുള്ള സത്യവാങ്മുലത്തിൽ ചോക്സി പറയുന്നു. ഇതിനൊപ്പം 2013ൽ നേടിയ പൗരത്വത്തിന്റെ പകർപ്പും സമർപ്പിച്ചിട്ടുണ്ട്.

പഞ്ചാബ് നാഷനൽ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി തട്ടിയെടുത്ത് 2018ലാണ് ചോക്സി ഇന്ത്യ വിട്ടത്. രാജ്യം വിട്ട് ദിവസങ്ങൾക്കുശേഷമാണ് തട്ടിപ്പിൽ ചോക്സിയുടെ പേര് പുറത്തുവരുന്നത്. പിന്നീട് ചോക്സി ഇന്ത്യയിലേക്കു വന്നിട്ടില്ല. സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളുടെ അന്വേഷണം ചോക്സിക്കുനേരെയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed