പഞ്ചാബ് സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ കൊള്ളലാഭത്തിന് വിറ്റെന്ന് ആരോപണം

പഞ്ചാബില്‍ കോവിഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് കൊള്ള ലാഭത്തിന് വില്‍ക്കുന്നുവെന്ന് ആരോപണം. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലാണ് വ്യാഴാഴ്ച ആരോപണം ഉന്നയിച്ചത്. ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്കാണ് വിറ്റതെന്നും ഒരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നും ബാദല്‍ ആരോപിച്ചു. സ്വകാര്യ ആശുപത്രികൾ വാക്‌സിന്‍ ഡോസിന് 1,560 രൂപയ്ക്കാണ് നല്‍കുന്നത്.
ഈ ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ധു രംഗത്തെത്തി. ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്. തനിക്ക് വാക്‌സിനുകള്‍ക്കു മേല്‍ നിയന്ത്രണമില്ല. ചികിത്സ, പരിശോധന, സാമ്പിള്‍ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍, സര്‍ക്കാരിനെതിരായ നിലവിലെ ആരോപണം വ്യക്തിപരമായി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.