കരുത്തുകൂട്ടാൻ ഇന്ത്യൻ നാവികസേന; ആറ് അന്തർവാഹിനികൾക്ക് 50,000 കോടിയുടെ ടെൻഡർ അനുമതി

ന്യൂഡൽഹി: കരുത്തുകൂട്ടാൻ ഇന്ത്യൻ നാവികസേന. പ്രോജക്ട് 75−ഇന്ത്യ(പി−75I) പദ്ധതിക്കു കീഴിൽ ആറ് അന്തർവാഹിനികൾ നിർമിക്കാനുള്ള ടെൻഡർ പുറപ്പെടുവിക്കാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി.
പദ്ധതിക്ക് 50,000 കോടിരൂപ ചിലവാകുമെന്നാണ് കരുതുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ(ഡി.സി.എ.) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽനിർമാതാക്കളായ മസഗൊൺ ഡോക്ക്സ് ലിമിറ്റഡ്(എം.ഡി.എൽ.), സ്വകാര്യ നിർമാതാക്കളായ എൽ ആൻഡ് ടി എന്നിവർക്ക് റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ അഥവാ ആർ.ഇ.പി. നൽകാനാണ് ഡി.എ.സി. അനുമതി നൽകിയിരിക്കുന്നത്.
സ്ട്രാറ്റജിക് പാർട്ണർഷിപ്പ് അഥവാ എസ്.പി. മോഡലിനു കീഴിൽ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് −75(I). അന്തർവാഹിനികളുടെ തദ്ദേശ രൂപകൽപനയും നിർമാണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് എസ്.പി. മോഡൽ. നേരത്തെ 111 നേവൽ യൂട്ടിലിറ്റി ഹെലികോപ്ടറുകൾ(എന്.യു.എച്ച്.) സേനയിലേക്ക് എസ്.പി. മോഡൽ വഴി കൂട്ടിച്ചേർത്തിരുന്നു.
റഷ്യയുടെ റോസോബോറോണ് എക്സ്പോർട്ട്, ഫ്രാൻസിന്റെ ഡി.സി.എന്.എസ്, ടി.എം.എസ്, സ്പെയിന്റെ നവാൻഷ്യ, ദക്ഷിണ കൊറിയയുടെ ദേയ്വൂ എന്നീ കപ്പൽനിർമാണ ശാലകളുമായി സംയുക്തമായാണ് എം.ഡി.എല്ലും എൽ.ആൻഡ് ടിയും ടെൻഡർ സമർപ്പിക്കുക. പ്രോജക്ട് 75−ന്റെ കീഴിൽ നിലവിൽ ആറ് സ്കോർപീന് അന്തർവാഹിനികൾ എം.ഡി.എൽ. നിർമിക്കുന്നുണ്ട്.
2019 ജൂൺ 20−നാണ് ആറ് അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള താൽപര്യപത്രത്തിന് സർക്കാർ അനുമതി നൽകുന്നത്. ഇവ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമിക്കുന്നതിന് എസ്.പി. മോഡലിന് കീഴിൽ ഉൾപ്പെടുത്താനുള്ള അനുമതി 2019 ജനുവരിയിൽ ഡി.എ.സി. നൽകുകയും ചെയ്തു.