പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: 9.5 കോടി കർഷകർക്ക് 20,000 കോടി

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ എട്ടാമത്തെ ഗഡു രാജ്യത്തെ 9.5 കോടി കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. പദ്ധതിയുടെ എട്ടാം ഗഡുവും 2021−22 സാന്പത്തിക വർഷത്തെ ആദ്യ ഗഡുവുമായി 20,000 കോടി രൂപയാണ് ഇന്ന് കേന്ദ്ര സർക്കാർ വിതരണം ചെയ്തത്. ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഓൺലൈനിൽ കർഷകരുമായി സംവദിച്ചു.
പശ്ചിമ ബംഗാളിലെ കർഷകർക്ക് ആദ്യമായി പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്ന് യോഗത്തിൽ സംസാരിച്ച മോദി പറഞ്ഞു. കോവിഡ് വ്യാപനത്തിൽ ജാഗ്രത പുലർത്തണമെന്നും വാക്സിനേഷൻ മാത്രമാണ് ഈ വൈറസിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ എടുത്താലും മാസ്കുകൾ നിർബന്ധമാണെന്നും മോദി കൂട്ടിച്ചേർത്തു.