കോവിഡ് രോഗികൾക്കുള്ള ആശുപത്രി കിടക്കകൾ കരിഞ്ചന്തയിൽ: സാമൂഹ്യപ്രവർത്തകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബംഗളൂരു: കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘത്തെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ പ്രവർത്തകനായ നേത്രാവതി (40), രോഹിത് കുമാർ (22) എന്നിവരടങ്ങുന്ന നാലംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. രണ്ട് വ്യത്യസ്ത കേസുകളിൽ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്ത പോലീസ് സംഘം എട്ട് സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുകയും ചെയ്തു. ആശുപത്രിയിലെ കിടക്കകൾ കോവിഡ് രോഗികൾക്കു വലിയവിലയിൽ മറിച്ചുകൊടുക്കുന്നതു സംബന്ധിച്ചു നേരത്തെ ചില ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവ് തേജസ്വി സൂര്യ നേരിട്ട് അന്വേഷണം നടത്തി പോലീസിൽ അറിയിച്ചത്.
ഒരു കോവിഡ് രോഗിയുടെ ബന്ധുക്കളായി ഞങ്ങൾ ഈ മാഫിയാ സംഘത്തെ സമീപിച്ചു. ആശുപത്രിയിൽ കിടക്ക വേണമെന്നു പറഞ്ഞു. ഞങ്ങളുടെ സാന്പത്തിക സ്ഥിതി മനസിലാക്കിയ അവർ 20,000 രൂപ മുതൽ 40,000 രൂപ വരെ ഞങ്ങളിൽനിന്ന് ഈടാക്കാൻ സാധ്യതയുണ്ടെന്നു മനസിലാക്കി’ − പോലീസ് സംഘം വെളിപ്പെടുത്തി. രോഗലക്ഷണമില്ലാതെ വീട്ടിൽ കഴിയുന്ന രോഗികളുടെ പേരിൽ ആശുപത്രി കിടക്കകൾ ബുക്ക് ചെയ്തിടുകയാണ് മാഫിയാ സംഘം ചെയ്തത്. പിന്നീട് ആ കിടക്കകൾ ഗുരുതര രോഗബാധയുള്ള കോവിഡ് രോഗികൾക്കു വലിയ തുകയ്ക്കു മറിച്ചുനൽകും. ഐസിയു, വെന്‍റിലേറ്റർ ബെഡുകളും ഇവർ ഇത്തരത്തിൽ വലിയ തുകയ്ക്ക് മറിച്ചു വിൽക്കാറുള്ളതായും പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.